അതിരമ്പുഴ പള്ളിയിലെ ഇടവക ദിനാഘോഷവും കുടുംബ യൂണിറ്റ് വാർഷികവും ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം ചെടിക്ക് വെള്ളം പക
അതിരമ്പുഴ: കുടുംബ യൂണിറ്റിന്റെയും പള്ളി കൂട്ടായ്മയുടെയും കഥ പറഞ്ഞ് പ്രേക്ഷകമനസിൽ ഇടംപിടിച്ച ബെത്ലഹേം കുടുംബ യൂണിറ്റ് പോലെ അതിരമ്പുഴ കുടുംബ യൂണിറ്റും മെഗാഹിറ്റായി. അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിലെ ഇടവക ദിനാഘോഷമാണ് നവീനമായ ആശയംകൊണ്ടും അവതരണം കൊണ്ടും ഇടവക ജനത്തിന്റെ മനം കവർന്നത്. ബെത്ലഹേം കുടുംബ യൂണിറ്റ് 300 കോടിയും കടന്ന് ഹിറ്റായെങ്കിൽ അതിരമ്പുഴ കുടുംബ യൂണിറ്റ് 2500 കുടുംബങ്ങളുടെയും പതിനായിരത്തോടടുത്ത ഇടവക ജനത്തിന്റെയും ഹൃദയം കീഴടക്കി.
എല്ലാ വർഷവും ആഘോഷിക്കുന്ന പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശനതിരുനാൾ ഇടവക മധ്യസ്ഥയായ പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ ദർശനതിരുനാളായി ഈ വർഷം മുതൽ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തിരുനാളിനോടനുബന്ധിച്ച് ഇടവക ദിനാഘോഷവും നടത്തിയത്.
ഉദ്ഘാടനവും പരിപാടികളുടെ അവതരണവുമെല്ലാം തികച്ചും വ്യത്യസ്തമായി. ദീപംതെളിക്കലിനു പകരം ചെടിക്ക് വെള്ളം പകർന്നായിരുന്നു ഉദ്ഘാടനം. ഇടവക പ്രവർത്തനങ്ങളുടെ റിപ്പോർട്ട് വായിക്കുന്നതിനു പകരം ഡിജിറ്റലായി അവതരിപ്പിച്ചു.
പ്രസംഗങ്ങൾ തുലോം കുറവ്. വിവാഹത്തിന്റെ സുവർണ, രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും വിവിധ രംഗങ്ങളിൽ മികവു തെളിയിച്ചവരുമായി നൂറ്റമ്പതോളം ഇടവകാംഗങ്ങളെയും ആദരിച്ചു. പരമ്പരാഗത ക്രിസ്ത്യൻ കലാരൂപങ്ങൾ മുതൽ ഡാൻസുകളും സ്കിറ്റുകളും ഉൾപ്പടെ കലാപരിപാടികൾ അരങ്ങേറി. ഒടുവിൽ ഇടവകാംഗങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിച്ച് ഭവനങ്ങളിലേക്ക് മടങ്ങി.
ഇടവക ദിനാഘോഷം ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് അധ്യക്ഷത വഹിച്ചു. നാട്ടകം സുരേഷ് എംഎൽഎ, അസിസ്റ്റന്റ് വികാരി ഫാ. വിപിൻ കട്ടത്തറ, സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിനു ജോൺ, കൈക്കാരൻ ഷാജി തോമസ് പുല്ലുകാല എന്നിവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Athirampuzha Family Unit