പ്രതീകാത്മക ചിത്രം
അതിരമ്പുഴ: നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന അതിരമ്പുഴ ഗവ. ആശുപത്രി വര്‍ഷങ്ങളായി കടുത്ത അവഗണനയില്‍. ദിവസേന മുന്നൂറിലധികം രോഗികള്‍ ഇവിടെ ചികിത്സതേടി എത്തുന്നുണ്ട്. കിടത്തി ചികിത്സയ്ക്കായി 20 ബെഡുകളുള്ള രണ്ട് വാര്‍ഡുകളുമുണ്ട്. എന്നാല്‍ ഡോക്ടര്‍മാരുടെ അഭാവത്തില്‍ ഇപ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ഉച്ചകഴിഞ്ഞ് രണ്ടു വരെയായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ. മുരളീധരന് കോട്ടയത്തു നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഗവ. ആശുപത്രികളുടെ സ്ഥിതി ദീപിക ചൂണ്ടിക്കാട്ടിയിരുന്നു. അതിരമ്പുഴ ഗവ. ആശുപത്രിയുടെ അവസ്ഥ വിവരിച്ച് ആം ആദ്മി പാര്‍ട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ മന്ത്രിക്കു നിവേദനവും നല്കി.
മുമ്പ് 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പോസ്റ്റ് ഓപ്പറേറ്റീവ് കെയര്‍ സെന്റര്കൂടിയായ ഇവിടെ ഇന്‍പേഷ്യന്റ് വിഭാഗവും പ്രവര്‍ത്തിച്ചിരുന്നു.
ഇപ്പോള്‍ രണ്ടു വരെ മാത്രമാണ് ഡോക്ടര്‍മാര്‍ ഉള്ളത്. അതുകഴിഞ്ഞാല്‍ രോഗികള്‍ക്ക് സ്വകാര്യാശുപത്രികളെ ആശ്രയിക്കുകയേ തരമുള്ളൂ. ആശുപത്രിയിലെ എക്സ് - റേ യൂണിറ്റ് പ്രവര്‍ത്തന രഹിതമാണ്. ഇസിജി, ലാബ് പരിശോധനകളും പരിമിതമാണ്. നിർധനരും സാധാരണക്കാരുമായ രോഗികള്‍ക്ക് ആശുപത്രിയുടെ പൂര്‍ണ പ്രയോജനം ലഭിക്കുന്നില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിനും ഏഴു പതിറ്റാണ്ടു മുമ്പ് ആരംഭിച്ച ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങൾ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോയി ചാക്കോയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഭാരവാഹികള്‍ മന്ത്രി കെ. മുരളീധരന് നിവേദനം നല്കി.
Tags : NattuVishasham DistrictNews