പ്രതീകാത്മക ചിത്രം
തെങ്ങ് മുറിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ പ്രതി അറസ്റ്റിൽ
വടക്കാഞ്ചേരി: അയൽവാസിയെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വടക്കാഞ്ചേരി സ്വദേശിയായ ബീരാനെ പോലീസ് അറസ്റ്റ് ചെയ്തു. കരുതകാട് സ്വദേശി പൂവത്തിങ്കൽ വീട്ടിൽ സുൽഫീക്കറിന് നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞവ്യാഴാഴ്ച വൈകീട്ട് 4.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ബീരാന്റെ പറമ്പിൽനിന്ന തെങ്ങ് സുൽഫീക്കറുടെ സഹോദരന്റെ പറമ്പിലേക്ക് അപകടകരമായ രീതിയിൽ ചാഞ്ഞുനിന്നിരുന്നു. ഇത് മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് സുൽഫീക്കറും കുടുംബവും അധികൃതർക്ക് പരാതി നൽകിയതിലുള്ള പൂർവ്വവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
കയ്യിൽ വെട്ടുകത്തിയുമായി എത്തിയ ബീരാൻ വധഭീഷണി മുഴക്കിക്കൊണ്ട് സുൽഫീക്കറുടെ തലയ്ക്ക് നേരെ വെട്ടുകയായിരുന്നു. സുൽഫീക്കർ ഒഴിഞ്ഞുമാറിയതിനാൽ വെട്ട് ഇടതുചെവിയിലും കവിളിലുമാണ് കൊണ്ടത്. തുടർന്ന് നിലത്തുവീണ ഇയാളെ പ്രതി ചവിട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.
ആക്രമണത്തിൽ വലതുകൈപ്പത്തിക്കും കാൽപാദത്തിനും പരിക്കേറ്റ സുൽഫീക്കറെ ഉടൻതന്നെ വടക്കാഞ്ചേരിജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വടക്കാഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ എൻ. ബി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews Attempted murder