പ്രൗഡ് സംഘടിപ്പിച്ച ‘മീറ്റ് ആൻഡ് ഗ്രീറ്റ് വിത്ത് എംഎൽഎ’ പരിപാടിയിൽ രമേഷ് പിഷാരടി എംഎൽഎ പ്രസംഗിക്കുന്നു.
പാലക്കാട്: പാലക്കാടിന്റെ വികസനസ്വപ്നങ്ങൾക്ക് ചിറക് നൽകാൻ സമൂഹത്തിലെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് രമേഷ് പിഷാരടി എംഎൽഎ അഭിപ്രായപ്പെട്ടു. പ്രൗഡ് (പീപ്പിൾ റസ്പോണ്‍സിബിൾ ഓർഗനൈസേഷൻ ഫോർ അർബൻ ഡെവലപ്മെന്റ്) സംഘടിപ്പിച്ച ‘മീറ്റ് ആൻഡ് ഗ്രീറ്റ് വിത്ത് എംഎൽഎ’ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാടിന്റെ വികസനത്തിന് മുൻഗണനാക്രമത്തിൽ നടപ്പാക്കേണ്ട കൽവാക്കുളം ബൈപ്പാസ്, കോർട്ട് റോഡ്-സ്റ്റേഡിയം ബൈപ്പാസ് കണക്ടിവിറ്റി റോഡ് ഉൾപ്പെടെയുള്ള പദ്ധതികൾ ഫലപ്രാപ്തിയിലെത്തിക്കാൻ നിരന്തരമായ പരിശ്രമങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുതര രോഗങ്ങൾ ബാധിച്ചവർക്ക് ആശ്വാസം നൽകുന്ന വിവിധ പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, പ്രൗഡിലെ അംഗങ്ങളുടെ പിന്തുണകൂടി ലഭിച്ചാൽ ഇത്തരം സഹായ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരാൻ കഴിയുമെന്നും എംഎൽഎ പറഞ്ഞു.
ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്കായി സമാന ചിന്താഗതിയുള്ളവർ ഒരുമിച്ച് പ്രവർത്തിക്കാൻ പ്രൗഡിലൂടെ തുടക്കം കുറിച്ചത് പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പ്രൗഡ് ചെയർമാൻ നിഖിൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ ഹിതേഷ് ജെയിൻ, അമീർ മൊയ്തീൻ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും എംഎൽഎ നിർവഹിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Ramesh Pisharody