പ്രതീകാത്മക ചിത്രം
വിഴിഞ്ഞം :അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമായില്ലെങ്കിലും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അടുത്ത മാസം 18 മുതൽ സമ്പൂർണ്ണ കയറ്റുമതി ഇറക്കുമതി തുറമുഖമായി പ്രഖ്യാപിക്കപ്പെടും. പ്ലാൻ്റ് കോറന്റയിൽ ഓഫീസ് ഉൾപ്പെടെ വിവിധ ഓഫീസുകളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ തുറമുഖത്തിനുള്ളിൽ ഒരുക്കിയാലും കണ്ടെയ്നറുകൾ അകത്തേക്കും പുറത്തേക്കും പോകണമെങ്കിൽ കസ്റ്റംസിന്റെ അനുമതി വേണം. കസ്റ്റംസ് അനുമതിക്കായുള്ള മാസങ്ങളുടെ കാത്തിരിപ്പിന് ഉടൻ വിരാമമാകുമെന്നാണ് അധികൃതരുടെ വാദം.
കഴക്കൂട്ടം-കാരോട് ബൈപ്പാസ് അല്ലാതെ കണ്ടെയ്നറുകൾക്ക് സുഗമമായി കടന്നുപോകുന്നതിനാവശ്യമായ ഒരു റോഡില്ല, റെയിൽവേയില്ല, കണ്ടെയ്നർ യാർഡില്ല, ഗോഡൗണില്ല , ഇവക്ക് പുറമേ തുറമുഖ കവാടമായ മുല്ലൂർ മുതൽ ബൈപ്പാസ് വരെയുള്ള പ്രധാന റോഡ് ബന്ധിച്ച് കടന്നുപോകുന്നയിടങ്ങളിൽ വാഹന യാത്രക്കാർക്കും പൊതുജനങ്ങൾക്കും അപകടം കൂടാതെ കടന്നുപോകാൻ പാകത്തിലുള്ള ഒരു സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്ന നടപടി പോലും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കൂടാതെ തുറമുഖ റോഡിൽ നിന്ന് കുത്തനെയുള്ള കയറ്റം കയറുന്ന കണ്ടെയ്നർ ലോറികൾ ഏറെ വാഹനത്തിരക്കുള്ള ബൈപ്പാസിന്റെ മധ്യത്താകും വന്ന് നിൽക്കുക. ദൂരെ നിന്നു വരുന്ന വാഹന ഡ്രൈവർമാർക്ക് കാണാവുന്ന തരത്തിൽ സിഗ്നൽ സ്റ്റേഷൻ സ്ഥാപിക്കാതെ കണ്ടെയ്നറുകൾ കടത്തിവിട്ടാൽ വൻ അപകടത്തിന് വഴിതെളിക്കും.
വിഴിഞ്ഞത്ത് നിന്ന് ഏഴ് കിലോമീറ്റർ അപ്പുറമുള്ള ദേശീയപാതയിൽ വലിയ ലോറികൾ എത്തണമെങ്കിലും ഏറെ കടമ്പകൾ കടക്കണം. അശാസ്ത്രീയമായ രീതിയിൽ ലക്ഷ്യമില്ലാതെ നിർമിച്ച ബൈപാസിന്റെ സർവീസ് റോഡുകളാണ് ഗതാഗതത്തിന് തിരിച്ചടിയായത്.
Tags : Vizhinjam NattuVishasham DistrictNews