ഉദ്ഘാടനം നാളെ
ഹരിപ്പാട്: വിദ്യാഭ്യാസത്തിനൊപ്പം കായിക മേഖലയ്ക്കും കരുത്തേകി നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം ഗേൾസ് ഹൈസ്കൂളിൽ ബാസ്കറ്റ്ബോൾ കോർട്ട് സമുച്ചയം സജ്ജമായി. സ്കൂളിലെ പൂർവവിദ്യാർഥിനി സംഘടനയായ ബീറ്റ്സിന്റെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന കോർട്ടിന്റെ ഉദ്ഘാടനം നാളെ രണ്ടിന് സ്കൂൾ അങ്കണത്തിൽ നടക്കും. മുൻ അധ്യാപിക സിസ്റ്റർ മൈക്കിൾ എസ്ഐസി ഉദ്ഘാടനം നിർവഹിക്കും. ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിക്കും.
കായംകുളം ഡിവൈഎസ്പി ബിനുകുമാർ മുഖ്യാതിഥിയായിരിക്കും. മദർ ആഗ്നറ്റ് എസ്ഐസി അനുഗ്രഹപ്രഭാഷണം നടത്തും. സ്കൂളിലെ പൂർവ വിദ്യാർഥിയും കോർട്ട് നിർമാണത്തിന്റെ മുഴുവൻ ചെലവുകളും വഹിക്കുകയും ചെയ്ത ശ്രീജ ഭാസ്കർ, രമേശ് ചെന്നിത്തല എംഎൽഎ എന്നിവർ വിശിഷ്ട സാന്നിധ്യമായിരിക്കും.
എംഎസി മാനേജ്മെന്റ് കറസ്പോണ്ടന്റ് ഫാ. ഡാനിയേൽ തെക്കേടത്ത്, ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ. തുളസി, ആലപ്പുഴ ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് റോണി മാത്യു, സ്കൂൾ പിടിഎ പ്രസിഡന്റ് സുനിൽ കെ. ജോർജ്, വാർഡ് മെംബർ രാജേഷ് രാമകൃഷ്ണൻ, സെൻട്രൽ എക് സൈസ് ആൻഡ് കസ്റ്റംസ് സൂപ്രണ്ട് ജോസഫ് ജോൺ എന്നിവർ പ്രസംഗിക്കും.
ബീറ്റ്സ് സെക്രട്ടറി എസ്. മാലിനി ദേവി സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്ബത്ത് എസ്ഐസി നന്ദിയും പറയും. ഉദ്ഘാടന ചടങ്ങിനുശേഷം പത്തനാപുരം മൗണ്ട് താബോർ ഹയർ സെക്കൻഡറി സ്കൂൾ ടീമും ആലപ്പുഴ ജ്യോതി നികേതൻ സ്കൂൾ ടീമും തമ്മിലുള്ള ഉദ്ഘാടന മത്സരവും നടക്കും.
സമ്മർ ക്യാമ്പ് 13 മുതൽ
കോർട്ട് ഉദ്ഘാടനത്തിനു പിന്നാലെ 13 മുതൽ കുട്ടികൾക്കായി ബാസ്ക്കറ്റ്ബോൾ സമ്മർ ക്യാമ്പ് ആരംഭിക്കും. ഏഴു വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം.