ബേപ്പൂർ പോർട്ട്
കോഴിക്കോട്: ഒരുകുന്നോളം പ്രതീക്ഷകളുണ്ടാകും.എന്നാല്‍ കൈക്കുമ്പിള്‍ നിറയാന്‍ പോലും കിട്ടുകയുമില്ല. കാലങ്ങളായി ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ കോഴിക്കോടിന്റെ അവസ്ഥയാണിത്. ഇതിനൊരുമാറ്റം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
കോഴിക്കോട് ലൈറ്റ് മെട്രോ, മലാപറമ്പ് മൊബിലിറ്റി ഹബ്, മാനാഞ്ചിറയിലെ പാര്‍ക്കിംഗ് പ്ലാസ, കോര്പറേഷന് സ്റ്റേഡിയം നവീകരണം, കോംട്രസ്റ്റ് കൈത്തറി നെയ്ത്ത് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കല്‍, റോഡ് വികസനം തുടങ്ങി കോഴിക്കോട് കാലങ്ങളായി ഉയര്‍ത്തുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് ഇത്തവണ ബജറ്റില്‍ പരിഗണന ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പല പദ്ധതികളും കിഫ്ബി വഴി നടപ്പിലാക്കുമെന്നായിരുന്നു ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ കിഫ്ബിയുടെ മുന്നോട്ടുള്ളപോക്ക് എങ്ങിനെയാകുമെന്നേ കാര്യത്തില്‍ അവ്യക്തതയും നിലനില്ക്കുന്നു.
ബേപ്പൂര്‍ തുറമുഖം ആഴം കൂട്ടല്‍: പ്രതിസന്ധി പരിഹരിക്കപ്പെടുമോ?
ജില്ലയിലെ തുറമുഖ വികസനരംഗത്ത് നിരവധി പദ്ധതികൾക്ക് കഴിഞ്ഞ സംസ്ഥാന ബജറ്റ് തുക വകയിരുത്തിയിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ആയിട്ടില്ല. മലബാറിലെ പ്രധാന തുറമുഖമായ ബേപ്പൂർ തുറമുഖത്ത് 60 കോടി ചെലവിൽ ഡ്രജിംഗ് നടത്താനും, 90 കോടി ചെലവിൽ അധിക വാർഫിന്റെ നിർമാണം മുൻഗണനാക്രമത്തിൽ നടപ്പാക്കാനും ബജറ്റില്‍ ഫണ്ട് വകയിരുത്തിയിരുന്നു.
എന്നാല്‍ വാര്‍ഫിന് താഴേതട്ടില്‍ പാറയാണെന്നു കണ്ട് ഡ്രഡ്ജിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. പാറ തുരന്നാൽ ഉണ്ടായേക്കാവുന്ന പരിസ്ഥിതി ആഘാതം സംബന്ധിച്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയാണു പഠനം നടത്തിയത്. ഈ മാസം അവസാനം ഇതുമായി ബന്ധപ്പെട്ട അന്തിമ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് ലഭിക്കുമെന്നാണു കരുതുന്നത്. ഇതിനു ശേഷം സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ സമിതിയുടെ അനുമതി ലഭ്യമായാൽ മാത്രമേ പാറ തുരന്ന് ആഴം കൂട്ടാനുള്ള പദ്ധതി പ്രാവർത്തികമാകൂ.
നിലവില്‍ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ ഫണ്ട് തികയാതെ വരും. ഇതിനൊപ്പം ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപ്, കൊച്ചി, മംഗളൂരു, തിരുവനന്തപുരം ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപ്, കൊച്ചി, മംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കപ്പൽ സര്‍വീസ് വേണമെന്ന ആവശ്യം നിവേദനങ്ങളായി സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും ഒരു ബജറ്റിലും ഉള്‍പ്പെടുത്തിയിട്ടില്ല.
ഗ്വാളിയോർ റയോൺസ് ഭൂമി പ്രയോജനപ്പെടുത്തണം
മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിൽ പരിസ്ഥിതിക്ക് യോജിച്ച ബൃഹത് പദ്ധതി ജില്ല ആഗ്രഹിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. 370 ഏക്കറാണിവിടെ കാടുപിടിച്ച് കിടക്കുന്നത്.
2007ൽ ബിർല മാനേജ്മെന്റ് തന്നെ ആദ്യ പദ്ധതിരേഖ സർക്കാറിന് സമർപ്പിച്ചിരുന്നു. ഇലക്ട്രോണിക്സ്, ഐടി, ടൂറിസം വ്യവസായങ്ങളാണ് പറഞ്ഞിരുന്നത്. പ്രത്യേക സോണെന്ന ആശയവും മുന്നോട്ടുവെച്ചതോടെ എതിർപ്പുണ്ടായി. 11 വർഷത്തിനിടെ ഒമ്പതു തവണ സർക്കാറിന് പദ്ധതികൾ സമർപ്പിച്ചു. ഇവയൊന്നും ഫലം കണ്ടില്ല.
കനോലി കനാലിനെ കൈപിടിച്ചുയര്‍ത്തുമോ ?
കോഴിക്കോട് കനോലി കനാലിലൂടെ ജലപാതയെന്ന സ്വപ്നത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മലബാറിലെ ടൂറിസം രംഗത്തിനുതന്നെ മുതല്കൂട്ടായേക്കാമായിരുന്ന പദ്ധതി ഇപ്പോഴും കടലാസില്‍ തന്നെയാണ്.
കോഴിക്കോട് കോര്പറേഷന്, ജില്ലാ ഭരണകൂടം, ജലസേചന വകുപ്പ്, സംരക്ഷണ സമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ പലതവണ ശുചീകരിച്ചതാണ് കല്ലായി പുഴ. വടക്ക് കോരപ്പുഴയെയും തെക്ക് കല്ലായി പുഴയെയും ബന്ധിപ്പിക്കുന്ന 11.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാലിന്റെ മിക്ക ഭാഗങ്ങളിലും മാലിന്യം അടിഞ്ഞിരിക്കുകയാണ്.
കനാല്‍ വികസനത്തിന് 1.118 കോടിയുടെ പദ്ധതിക്ക് മന്ത്രി സഭായോഗം അംഗീകാരം നല്‍കിയിരുന്നു. കിഫ്ബി സഹായത്തോടെ പദ്ധതി പ്രാവര്‍ത്തികമാകും എന്നായിരുന്നു ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കിഫ്ബിയുടെ പ്രവര്‍ത്തനം പോലും അനിശ്ചിതത്വത്തിലായ അവസ്ഥയില്‍ തുടര്‍ നടപടികള്‍ കണ്ടറിയേണ്ടിവരും.
വരുമോ? കേരള കലാകേന്ദ്രം
നാടകം, നൃത്തം, ആയോധനകലകൾ എന്നിവയുൾപ്പെടെയുള്ള കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള സ്ഥിരം വേദികൾ സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാനവ്യാപക സംരംഭത്തിന്റ ഭാഗമായി കോഴിക്കോട് ഒരു കേരള കലാകേന്ദ്രം സ്ഥാപിക്കുന്ന ഇടതുസര്‍ക്കാരിന്റെ അവസാനബജറ്റില്‍ തീരുമാനിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പുതിയ ബജറ്റില്‍ എന്തെങ്കിലും പരാമര്‍ശങ്ങളുണ്ടാകുമോ എന്നതും കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. പദ്ധതിക്കായി 10 കോടി നീക്കിവച്ചിട്ടുണ്ട്, ആദ്യം തിരുവനന്തപുരത്തും തുടർന്ന് കൊച്ചിയിലും കോഴിക്കോടും കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനിച്ചത്.
ടൂറിസം വികസിച്ചാൽ
വയനാടിനോട് ചേർന്നുള്ള ജില്ലയെന്നത് കോഴിക്കോടിന്റ ടൂറിസം സാധ്യതകൾ വര്‍ധിപ്പിക്കുന്നതാണ്. എന്നാല്‍ ഇതിനനുസരിച്ചുള്ള പദ്ധതികള്‍ കോഴിക്കോടിന് ലഭിക്കുന്നില്ല.വിദേശികള്‍ കൊച്ചി, കോവളം , ആലപ്പുഴ എന്നിവിടങ്ങളില്‍ എത്തി മുടങ്ങുന്ന സ്ഥിതിയാണ് കാലങ്ങളായുള്ളത്.സ്റ്റാർ ഹോട്ടലുകൾ അടക്കമുള്ളവ ജില്ലയിൽ ഏറെ.
ഇവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. ബേപ്പൂർ തുറമുഖത്തുനിന്ന് ക്രൂയിസ് ടൂറിസം, കോഴിക്കോട് ബീച്ചിൽ ടൂറിസം പദ്ധതികൾ, തോണിക്കടവ്, കക്കയം, കക്കാടംപൊയിൽ, കടലുണ്ടി, കടത്തനാട്, ഒളോപ്പാറ, വയലട, തുഷാരഗിരി, കാപ്പാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പുതിയപദ്ധതികൾ വേണം.
വന്യ ജീവികളെ തുരത്താന്‍ സമഗ്ര പദ്ധതി വേണം
എല്ലാ കാലത്തും കോഴിക്കോട് മലയോര നിവസികളുടെ ഉറക്കം കെടുത്തുകയാണ് വന്യ ജീവി ശല്യം. ശാശ്വതപരിഹാരമാണ് മലയോര ജനത ആവശ്യപ്പെടുന്നത്. വന്യജീവികളെ കാടുകയറ്റി കാർഷിക മേഖലയെ രക്ഷിക്കണമെന്ന ആവശ്യമാണ് അവര്‍ നിരന്തരം ഉയര്‍ത്തുന്നത്.
നാളികേരം, വാഴക്കുല അടക്കം കാർഷികോത്പന്നങ്ങൾക്ക് ഇപ്പോള്‍ താരതമ്യേന മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും കാടിറങ്ങുന്ന വന്യജീവികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതാണ് കാർഷികമേഖല ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്.
മലയോര മേഖലയിലടക്കമുള്ള വന്യജീവി ആക്രമണം നേരിടാൻ ശക്തമായ പദ്ധതി വേണം. അതോടൊപ്പം മുഴുവൻ കാർഷിക വിളകൾക്കും ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കണം.
Tags : Local News Nattuvishesham Kozhikode