പൊടി വീണ ഇലകൾ
ഇരുമ്പനം: ചിത്രപ്പുഴ, ഇരുമ്പനം ഭാഗങ്ങളിൽ അന്തരീക്ഷത്തിൽ നിന്ന് കറുത്ത പൊടി വീണത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് തൃപ്പൂണിത്തുറ നഗര സഭയിലെ 13 ,14 ഡിവിഷനുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് വ്യാപകമായി കറുത്ത പൊടി വീണത്. വീടുകൾക്ക് മുകളിലും നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ പുറത്തും കിണറുകളിലും കറുത്ത പൊടി വീണിരുന്നു. അമ്പലമുകൾ റിഫൈനറിയിൽ നിന്നാണ് പൊടി പറന്ന് ഇവിടേയ്ക്കെത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പൊടി ശ്വസിച്ചതോടെ പ്രദേശത്ത് താമസിക്കുന്നവർക്ക് ശ്വാസതടസം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായും പറയുന്നുണ്ട്. ഇതേ സമയങ്ങളിൽ, കറുത്ത പൊടി ചാത്താരി-വൈമീതി ഭാഗത്തുള്ള അപ്പാർട്ട്മെന്റിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലും ഗ്ലാസുകളിലും വീണതായും കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് റിഫൈനറിയിൽ നിന്നും പൊല്യൂഷൻ കൺട്രോൾ ബോർഡിൽ നിന്നും ഉദ്യോഗസ്ഥരെത്തി പ്രദേശത്ത് പരിശോധന നടത്തി.
പറന്നുവീണ പൊടിയിൽ രാസവസ്തുവിന്റെ അംശങ്ങളുള്ളത് കാരണം കിണർ വെള്ളം ഉപയോഗശൂന്യമായതായി നാട്ടുകാർ പരാതി പറഞ്ഞു. കഴിഞ്ഞ മാസം ആദ്യം ഇതേ രീതിയിൽ വെളുത്ത പൊടി ഇരുമ്പനം ഭാഗത്ത് വ്യാപകമായി വീണിരുന്നു. അന്ന് വീടുകൾക്ക് മുകളിലും വാഹനങ്ങളുടെ പുറത്തും ചെടികളുടെ ഇലകളിൽ വരെ വെളുത്ത പൊടി അടിഞ്ഞുകൂടിയിരുന്നു.
Tags : Local News Nattuvishesham Ernakulam