കുറവിലങ്ങാട് പതിനൊന്നാമത് ബൈബിൾ കൺവൻഷനിൽ ഫാ. മാത്യു വയലാമണ്ണിൽ വചനപ്രഘോഷണം നടത്തുന്നു.
കുറവിലങ്ങാട്: അനുഗ്രഹം അവകാശമായി അനുഭവിക്കണമെന്ന് പ്രശസ്ത വചന പ്രഘോഷകനും വയനാട് വടുവൻചാൽ അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. മാത്യു വയലാമണ്ണിൽ. 11-ാമത് കുറവിലങ്ങാട് ബൈബിൾ കൺവൻഷൻ നയിച്ച് സന്ദേശം നൽകുകയായിരുന്നു ഫാ. മാത്യു വയലാമണ്ണിൽ. ജീവിതത്തിലെ ഓരോ അവസ്ഥയെയും അവസരങ്ങളെയും അനുഗ്രഹപ്രദമാക്കാൻ പ്രത്യേകം പ്രാർഥിക്കണം. ജീവിതത്തിൽ ഭാഗ്യത്തിനൊപ്പം ഭാഗ്യക്കേടും യാത്രചെയ്യുന്നുണ്ട്. അനുഗ്രഹം അഭ്യർഥിക്കുന്നവർക്കൊപ്പം ദൈവത്തിന്റെ ശക്തമായ അദ്യശ്യകരങ്ങൾ മുന്നേ സഞ്ചരിച്ച് പ്രതിസന്ധികളെ തൂത്തെറിയും.
മറ്റുള്ളവരുടെ നന്മയ്ക്കായും പ്രാർത്ഥിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വാക്കുകളും പ്രവൃത്തികളു മറ്റുള്ളവർക്ക് അനുഗ്രഹമാകണമെന്നും ഫാ. മാത്യു വയലാമണ്ണിൽ പറഞ്ഞു. നാലുദിവസത്തെ ബൈബിൾ കൺവൻഷൻ നാളെ സമാപിക്കും. എല്ലാ ദിവസവും വൈകുന്നേരം നാലിന് വിശുദ്ധ കുർബാനയോടെയാണ് കൺവൻഷൻ ആരംഭിക്കുന്നത്.
ഇന്നും നാളെയും രാവിലെ ഒന്പത് മുതൽ പാരിഷ് ഹാളിൽ കൗൺസലിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 6.30 മുതൽ കൗൺസലിംഗിനുള്ള ടോക്കൺ നൽകും. ഇന്നും നാളെയും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കുമ്പസാരത്തിനും അവസരം ക്രമീകരിച്ചിട്ടുണ്ട്. കൺവൻഷന്റെ മൂന്നാംദിനമായ ഇന്ന് 4.30ന് പാലാ രൂപത ചാൻസലർ ഫാ. ഡോ. ജോസഫ് കുറ്റിയാങ്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. നാളെ 4.30ന് പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ വിശുദ്ധകുർബാനയർപ്പിക്കും.
വചനശ്രവണത്തിലൂടെ ലോകമോഹങ്ങളോട്
നോ പറയണം: മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്
കുറവിലങ്ങാട്: തിരുവചന ശ്രവണത്തിലൂടെ ലോകമോഹങ്ങളോട് -നോ- പറയാൻ കഴിയണമെന്ന് പാലാ രൂപത വികാരി ജനറാൾ മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് പറഞ്ഞു.
കുറവിലങ്ങാട് കൺവൻഷന്റെ രണ്ടാംദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു വികാരി ജനറാൾ. വ്യക്തികളുടെ ഉള്ളിലും ഭവനങ്ങളിലും ദൈവിക സാന്നിധ്യം നിറഞ്ഞുനിൽക്കണം. ദൈവിക തേജസ് കുടുംബങ്ങളിൽ നിറയ്ക്കാൻ വചനശ്രവണം വഴിതുറക്കുമെന്നും മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് പറഞ്ഞു.
Tags : NattuVishesham DistrictNews