ചങ്ങനാശേരി ബോട്ട്ജെട്ടി-പണ്ടകശാല തോടും വേട്ടടി തോടും സംഗമിക്കുന്ന ഭാഗം പോളതിങ്ങിയ നിലയില്‍.
ചങ്ങനാശേരി: ബോട്ട്ജെട്ടിയില്‍ ആരംഭിച്ച് പണ്ടകശാലക്കടവ്, വേട്ടടിതോട്ടിലൂടെ മുതലവാച്ചിറ എത്തി അവിടെനിന്നും എസി റോഡ് ഒന്നാംപാലംവരെ ടൂറിസംപാത ഒരുക്കണമെന്ന ജനകീയാവശ്യം ശക്തമാകുന്നു. ഈ ജലപാതയിലെ മാലിന്യംനീക്കി ആഴംകൂട്ടുന്നതിനൊപ്പം ബണ്ട് ബലപ്പെടുത്തി രണ്ടുമീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിച്ചാല്‍ ജലയാത്രക്കൊപ്പം ഈ ഭാഗത്തെ ആളുകളുടെ യാത്രാസൗകര്യവും മെച്ചമാകും. ബോട്ട്ജെട്ടി തോട് വേട്ടടിതോട് ജംഗ്ഷനില്‍ സംഗമിക്കുന്ന ഭാഗത്ത് ബോട്ടുകള്‍ക്ക് കടന്നുപോകത്തക്കവിധം രണ്ട് പാലങ്ങളും പദ്ധതിക്ക് അനിവാര്യമാണ്.
ഒന്നരകിലോമീറ്റര്‍ ദൂരം വരുന്ന ഈ ജലപാതയില്‍ അലങ്കാരദീപങ്ങള്‍ സ്ഥാപിച്ച് ശിക്കാര വള്ളങ്ങളും പെടല്, യന്ത്രബോട്ടുകളും നീറ്റിലിറക്കിയാല്‍ ടൂറിസത്തിനൊപ്പം ഉല്ലാസ പരിപാടികളും സജ്ജമാക്കാനാകും. ചങ്ങനാശേരി നഗരസഭയുടെ 31, 32, 24, 25 വാര്‍ഡുകളിലൂടെയും പായിപ്പാട് പഞ്ചായത്തിന്റെ ഒന്നാംവാര്ഡിലൂടെയുമാണ് നിര്‍ദിഷ്ട പദ്ധതി കടന്നുപോകുന്നത്.
ചങ്ങനാശേരി മാര്‍ക്കറ്റ്, ബോട്ട്ജെട്ടി, ചരിത്രപ്രസിദ്ധമായ അഞ്ചുവിളക്ക് തുടങ്ങിയവയെ പായിപ്പാട് പഞ്ചായത്ത് ഒന്നാംവാര്‍ഡിലെ കാവാലിക്കരിയിലൂടെ എസി റോഡുമായി ബന്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും.
എംഎല്‍എയായിരുന്ന സി.എഫ്. തോമസ് 2019ല്‍ ഈ ടൂറിസം പദ്ധതിക്കായി എംഎല്‍എ ഫണ്ടില്‍നിന്നും ഒരുകോടി രൂപ അനുവദിച്ചിരുന്നു. ടൂറിസം, ഇറിഗേഷന്‍ വകുപ്പുകള്‍ പദ്ധതിയുടെ പ്രാഥമിക പഠനം നടത്തിയിരുന്നു. തുടര്‍ന്ന് പദ്ധതി മുന്നോട്ടു പോകുന്നതില്‍ പുരോഗതിയുണ്ടായില്ല.
പദ്ധതി കാവാലിക്കരി നിവാസികള്‍ക്കും ഗുണകരമാകും
എക്കാലവും വെള്ളക്കെട്ടിനും ചെളിക്കും നടുവില്‍ ദുരിതബാധിതരായി കഴിയുന്ന കാവിലിക്കരിയിലെ ഇരുപതോളം കുടുംബങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനും പദ്ധതി ഉപകരിക്കും. എസി റോഡിലെ ഒന്നാംപാലം ഭാഗത്തുനിന്നും തോടിന്റെ കല്‍ക്കെട്ടിലൂടെ ഒരുകിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാണ് കാവാലിക്കരി നിവാസികള്‍ വീട്ടിലെത്തുന്നത്. കല്ക്കെട്ടിലൂടെയുള്ള ഒറ്റയടിപ്പാത മാത്രമാണ് കാവാലിക്കരിക്കാരുടെ ഏക യാത്രാസൗകര്യം.
വേട്ടടി ടൂറിസംപാത വികസനം സാധ്യമാക്കും
ബോട്ട്ജെട്ടി-പണ്ടകശാലക്കടവ്-വേട്ടടിതോട്, എസി റോഡ് ഒന്നാംപാലം ടൂറിസംപാത ഒരു പ്രദേശത്തിന്റെ വികസനത്തിന് ഉപകരിക്കും. പദ്ധതി വേഗത്തിലാക്കാന്‍ നടപടികള്‍വേണം.
സന്തോഷ് ആന്റണി, നഗരസഭാ കൗണ്‍സിലര്‍
വേട്ടടി ബണ്ടിലൂടെ റോഡ് അത്യാവശ്യം
ഈ ടൂറിസം പദ്ധതി കാവാലിക്കരി നിവാസികള്‍ക്ക് ഏറെ ഉപകരിക്കും. എസി റോഡില്‍നിന്നുള്ള വേട്ടടി തോടിന്റെ ബണ്ടിലൂടെ റോഡ് വേണമെന്നതും നാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്.
ജെ. ജനിമോള്
പായിപ്പാട് പഞ്ചായത്ത്
ഒന്നാംവാര്‍ഡ് മെംബർ
എസി കനാല്‍ നവീകരണത്തിനും ടൂറിസം പ്രോത്സാഹനത്തിനും നടപടി സ്വീകരിക്കും
എസി കനാല്‍ ആഴംകൂട്ടി നവീകരിക്കുന്നതിനും ഇവിടുത്തെ ടൂറിസം പദ്ധതി പുനര്‍ നിര്‍മിക്കുന്നതിനും നടപടി സ്വീകരിക്കും. ബോട്ട്ജെട്ടി-പണ്ടകശാലക്കടവ്-വേട്ടടിതോട്, എസി റോഡ് ഒന്നാംപാലം ടൂറിസം പാത സംബന്ധിച്ചുള്ള പഠനവും നടത്തും.
വിനു ജോബ്
ചങ്ങനാശേരി എംഎല്‍എ
Tags : Nattuvishesham Local News Boat Jetty AC Road tourism resources