തന്റെ വളർത്തുകാളയെ നീന്തൽ പരിശീലിപ്പിക്കുന്ന താജുദ്ദീൻ.
വണ്ടിത്താവളം: ഏന്തൽപാലം താജുദ്ദീന്റെ കാളകൾക്ക് സവാരിവണ്ടി വലിക്കാൻ മാത്രമല്ല, കുളത്തിൽ നല്ലതുപോലെ നീന്താനും അറിയാം.
തന്റെ നാലു കാളകൾക്കും പരിശീലകൻ മറ്റാരുമല്ല, താജുദ്ദീൻ തന്നെ. നീന്തിത്തുടിക്കുന്ന കാളകളും ഉടമ താജുദ്ദീനും ഇപ്പോൾ സോഷ്യൽ മീഡിയകളിലും വൈറലാണ്. സവാരിവണ്ടിക്ക് ഉപയോഗിക്കുന്ന നാലു കാളകളെയാണ് താജുദ്ദീൻ പരിശീലിപ്പിക്കുന്നത്.
മത്സരത്തിനു വേണ്ടി പരിശീലിപ്പിക്കുന്നതല്ല, കാളകളുടെ ആയുസും ആരോഗ്യവുമാണ് പ്രധാനം. കാളകൾക്കൊരു വ്യായാമം എന്ന നിലയിൽ മാത്രമാണ് പരിശീലനമെങ്കിലും കാളകളെല്ലാം ഇപ്പോൾ നീന്തലിൽ മിടുമിടുക്കർ. കഴിഞ്ഞ രണ്ടാഴ്ചയായി നടത്തുന്ന ഈ വ്യായാമപരിശീലനം കാണാൻ കുട്ടികളടക്കം നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
കുളത്തിന്റെ മധ്യഭാഗത്ത് താജുദ്ദീൻ നിലയുറപ്പിച്ച ശേഷം കയറിൽ ബന്ധിച്ച കാളയെ വൃത്താകൃതിയിൽ ഓടിക്കും. ഒരു കാളയ്ക്ക് സമയം അരമണിക്കൂർ.
ആദ്യ രണ്ടുദിവസങ്ങളിൽ കാളകൾ നിസഹകരിച്ചെങ്കിലും പിന്നീടിപ്പോൾ വളരെ ഉന്മേഷത്തോടെയാണ് നീന്തിവലംവയ്ക്കുന്നത്.
സമീപവാസികളും തങ്ങളുടെ കാളകളെ ഇത്തരത്തിൽ പരിശീലിപ്പിക്കണമെന്നാവശ്യപ്പെട്ട് താജുദ്ദീനെ സമീപിച്ചിട്ടുണ്ട്.
കാളപൂട്ട് മത്സരങ്ങളുടെ പ്രിയനാട്ടിൽ ഇനി കാളകളുടെ നീന്തൽമത്സരവും നടന്നേക്കാമെന്നു പ്രവചിക്കുന്നവരും സോഷ്യൽമീഡിയയിലും നാട്ടിലുണ്ട്.
Tags : Nattuvishesham DistrictNews