ജില്ലാ കളക്ടർ വി. ചെൽസാസിനി നിർവഹിക്കുന്നു.
കൽപ്പറ്റ: ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സമ്മറി റിവിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാന്പസ് ടു ബൂത്ത് പ്രത്യേക വോട്ടർ രജിസ്ട്രേഷൻ ക്യാന്പയിന് ജില്ലയിൽ തുടക്കമായി. മുട്ടിൽ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കളക്ടർ വി. ചെൽസാസിനി നിർവഹിച്ചു.
പുതിയ സമ്മതിദായകരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി യുവജനങ്ങൾക്കിടയിൽ ജനാധിപത്യതെരഞ്ഞെടുപ്പ് അവബോധം വളർത്തുകയാണ് ക്യാന്പയിൻ ലക്ഷ്യമിടുന്നത്. വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനുള്ള ഫോം ആറ് വിതരണം ചെയ്തായിരുന്നു ജില്ലാ കളക്ടർ ക്യാന്പയിൻ ഉദ്ഘാടനം ചെയ്തത്. വോട്ടർ പട്ടികയിൽ പേരില്ലാത്ത അർഹരായവർക്ക് ഫോം ആറ് മുഖേന പേര് ചേർക്കാൻ അവസരം ലഭിക്കും. ജില്ലയിലെ കോളജ്, ഹയർ സെക്കൻഡറി സ്കൂളുകളിൽ ക്യാന്പയിൻ സംഘടിപ്പിക്കും. ക്യാന്പയിന്റെ ഭാഗമായി 17 വയസ് പൂർത്തിയായ വിദ്യാർഥികളെ ഉൾപ്പെടുത്തി വോട്ടർ രജിസ്ട്രേഷൻ ബോധവത്കരണം നടത്തും.
മുട്ടിൽ കോളജിൽ നടന്ന ജില്ലാതല ക്യാന്പയിനിൽ കോളജ് പ്രിൻസിപ്പൽ സി.പി. ഹേമലത അധ്യക്ഷത വഹിച്ചു. എഡിഎം കെ. അജീഷ്, സബ് കളക്ടർ അതുൽ സാഗർ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ സി. ബിജു, സ്വീപ് നോഡൽ ഓഫിസർ തഹസിൽദാർ പി.യു. സിതാര, ഡെപ്യൂട്ടി കളക്ടർ കെ. മനോജ് കുമാർ, തഹസിൽദാർ എം.എസ്. ശിവദാസൻ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
Tags :