സുമിത്ത്
കൊരട്ടി: മോട്ടോർസൈക്കിൾ അനുമതിയില്ലാതെ ഉപയോഗിച്ച കാര്യം ചോദ്യംചെയ്ത സുഹൃത്തിനെ പേനകൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.
കൊരട്ടി പോലീസ് സ്റ്റേഷൻ റൗഡി മേലൂർ പൂലാനി സ്വദേശി ഞാറക്കൽവീട്ടിൽ സുമിത്ത്(27)ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മേലൂർ കല്ലുത്തി സ്വദേശി കരിപ്പാലവീട്ടിൽ ജിൽജിത്ത്(33) നാണ് പരിക്കേറ്റത്.
ഇക്കഴിഞ്ഞ ആറിന് രാത്രി എട്ടരയോടെ പൂലാനി കോലോത്തുംകടവിന് സമീപം ഇരുവരും താമസിച്ചിരുന്ന കമ്പനി റൂമിലാണ് സംഭവം. ജിൽജിത്തിന്റെ മോട്ടോർസൈക്കിൾ സുമിത്ത് അനുമതിയില്ലാതെ കൊണ്ടുപോയതും ഇതിനിടെ സ്ത്രീകളോട് അസഭ്യംപറഞ്ഞതും ചോദ്യംചെയ്ത് ഇനി വാഹനം ഉപയോഗിക്കരുതെന്ന് ജിൽജിത്ത് താക്കീത് നൽകിയിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ജിൽജിത്തിനെ തടഞ്ഞുനിർത്തി പേനകൊണ്ട് കുത്തി. ഇടതുകണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റു. പരിക്ക് വാഹനത്തിൽനിന്നു വീണതിനെ തുടർന്നാണെന്ന് പറയിപ്പിക്കാൻ സുമിത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
കൊരട്ടി, അങ്കമാലി പോലീസ് സ്റ്റേഷൻ പരിധികളിലായി 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുമിത്തെന്ന് പോലീസ് അറിയിച്ചു. കൊരട്ടി എസ്എച്ച്ഒ ഹബീബുള്ളയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷിബു, സുമേഷ്, ജിഎഎസ്ഐമാരായ ജോഷി, ഷിജോ, ഷീബ, ജിഎസ്സിപിഒമാരായ അഭിലാഷ്, നിഖിലൻ, സിപിഒമാരായ ശ്രീജിത്ത്, ഷാജി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags : Local News Nattuvishesham Case stabbing a friend pen