മനോഹരൻ
വടകര: പുതിയ ബസ് സ്റ്റാൻഡിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയെ വടകര പോലീസ് പിടികൂടി. തമിഴ്നാട് ചെന്നൈ ഇടപ്പാളയം മേഞ്ചൂര്‍ സ്വദേശി മനോഹരനാണ് പിടിയിലായത്.
കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന ലിഫ്റ്റിന്റെ വിലപിടിപ്പുള്ള ഭാഗങ്ങള്‍, പുതുതായി സ്ഥാപിച്ച വയറിംഗുകള്‍, സിസിടിവി സംവിധാനങ്ങള്‍ എന്നിവ തകര്‍ത്താണ് ഇയാള്‍ കവര്‍ച്ച നടത്തിയത്.
പലതവണകളായി ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും കോപ്പര്‍ വയറുകളുമാണ് മോഷ്ടിച്ചത്. പുതുതായി സ്ഥാപിച്ച വയറിംഗുകള്‍ പൂര്‍ണമായും വലിച്ചുപൊട്ടിച്ച നിലയിലാണ്.
കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് വടകര പോലീസ് അറിയിച്ചു.