പ്രതീകാത്മക ചിത്രം
മാവേലിക്കര: യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബന്ധുവും സുഹൃത്തും കുറ്റക്കാരെന്ന് കോടതി. കുരുവാറ്റ പഞ്ചായത്ത് വാലുചിറവീട്ടിൽ സുജിത്തിനെ (34) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കരുവാറ്റ വാലുചിറ വീട്ടിൽ രാജീവ് (43), സുഹൃത്ത് കുന്നേൽ തറയിൽ പ്രഫലാഷ് (38) എന്നിവരെയാണ് മാവേലിക്കര ജില്ലാ സെഷൻസ് കോടതി - ഒന്ന് ജഡ്ജി വി.ജി. ശ്രീദേവി കുറ്റക്കാരെന്ന് വിധിച്ചത്. പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.
ഒന്നാം പ്രതി രാജീവിന്റെ അമ്മാവന്റെ മകനാണ് സുജിത്ത്. 2017 മാർച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശത്തെ പാടത്ത് രാത്രി പ്രതികൾ മദ്യപിക്കുന്നത് സുജിത്ത് ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ട യുവാവിന്റെ അമ്മയ്ക്കും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു.
ഹരിപ്പാട് എസ്ഐയായിരുന്ന എസ്.എസ്. ബൈജു അന്വേഷിച്ച കേസിൽ സിഐ ടി. മനോജാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റക്കാരനെന്ന് വിധിച്ചതോടെ ഒന്നാം പ്രതിയെ മാവേലിക്കര സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി.