ചങ്ങനാശേരി: കുട്ടനാട്, അപ്പര്‍കുട്ടനാട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് സര്‍ക്കാര്‍ അതിവേഗ ഇടപെടലുകള്‍ നടത്തണമെന്നും കുട്ടനാട് ഡെവലപ്മെന്റ് അഥോറിറ്റി രൂപീകരിച്ച് വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. മേഖലയിലെ നദികൾ, കനാലുകൾ, തോടുകള്‍ എന്നിവ പുനരുദ്ധരിച്ച് മടകളും പുറംബണ്ടുകളും ശക്തിപ്പെടുത്തണം.
എസി കനാല്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലെ മണലും മാലിന്യവും നീക്കണം. തോട്ടപ്പള്ളി സ്പില്‍വേയിലും തണ്ണീര്‍മുക്കം ബണ്ടിലും മഴക്കാലപൂർവ ശുചീകരണം സമയത്ത് പൂർത്തിയാക്കുകയും ഷട്ടറിന്റെ അറ്റകുറ്റപണികള്‍ തീര്‍ത്ത് പൊഴി മുറിക്കുകയും വേണം. മഴക്കാലത്ത് ഇറിഗേഷന്‍ ഉദ്യോഗസ്ഥരെ മേൽനോട്ടത്തിന് നിയോഗിക്കണം.
കുട്ടനാടിനായി പ്രത്യേക കാലാവസ്ഥ പ്രതിരോധ വികസന പാക്കേജ് അനുവദിക്കണം. നെല്ലിന്റെ സംഭരണവില ഉത്പാദനച്ചെലവിന് ആനുപാതികമായി പരിഷ്കരിക്കണം.
സംഭരിച്ച് 14 ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് നേരിട്ട് പണം ലഭിക്കുന്നതിന് പ്രത്യേക റിവോള്‍വിംഗ് ഫണ്ട് രൂപീകരിക്കണം. വിത്ത്, വളം, ഇന്‍ഷ്വറന്‍സ്, യന്ത്രവത്കരണം എന്നിവ സമയത്ത് ലഭ്യമാക്കണം. കുട്ടനാട് താലൂക്ക് ആശുപത്രിയെ സൂപ്പര്‍ സ്പെഷാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തണം. കാര്‍ഷിക അധിഷ്ഠിത വ്യവസായങ്ങൾ, മത്സ്യ-ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, ടൂറിസം, നൈപുണ്യ വികസന കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിച്ച് പ്രാദേശിക തൊഴില്‍ വര്‍ധിപ്പിക്കണം.
മങ്കൊമ്പ് എം.എസ്. സ്വാമിനാഥന് നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കണം. കുട്ടനാട് കേന്ദ്രീകരിച്ച് കാര്‍ഷിക-കാലാവസ്ഥാ ഗവേഷണ കേന്ദ്രം സ്ഥാപിക്കണം.
നിരന്തര വെള്ളപ്പൊക്കവും തൊഴില്‍നഷ്ടവും നാശനഷ്ടങ്ങളും പരിഗണിച്ച് കുട്ടനാട്, അപ്പര്‍കുട്ടനാട് നിവാസികൾക്ക് നിശ്ചിതകാലയളവിലേക്ക് നികുതി ഒഴിവാക്കണം.
വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, ഡയറക്ടര്‍ ഫാ.ഡോ. സാവിയോ മാനാട്ട്, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍ദേശങ്ങള്‍ തയാറാക്കിയത്.