പ്രതീകാത്മക ചിത്രം
കോട്ടയം: സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 32 കേസുകള്‍ പരിഗണിച്ചു. 25 എണ്ണം തീര്‍പ്പാക്കി. എട്ടു കേസുകള്‍ വിശദ പരിശോധനയ്ക്കായി മാറ്റിവച്ചു. കമ്മിഷന് അംഗങ്ങളായ ടി.സി. ജലജമോള്‍, പി. ഷാജേഷ് ഭാസ്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്.
ചങ്ങനാശേരി നഗരസഭാ പരിധിയിലെ ഓട്ടിസം സെന്റർ മാടപ്പള്ളിയിലേക്കു മാറ്റുന്നതിനെതിരേ രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ ഇടപെട്ട കമ്മിഷന് നഗരസഭാപരിധിയില്‍ തന്നെ ഒരു സബ്സെന്ററിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന് നഗരസഭാ സെക്രട്ടറിക്കും വിദ്യാഭ്യാസവകുപ്പിനും നിര്‍ദേശം നല്കി. സ്കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെ ബാധിക്കുന്നില്ലെന്ന് ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഉറപ്പാക്കണം. ഈ വിഷയത്തില്‍ കുട്ടികള്‍തന്നെയാണ് പരാതിയുമായി കമ്മിഷനെ സമീപിച്ചത്.
തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിക്ക് ചികിത്സ നല്കുന്നതില് രാമപുരം ഗവണ്മെന്റ് ആശുപത്രിയില്‍ അനാസ്ഥയുണ്ടായെന്ന പരാതിയെത്തുടര്‍ന്ന് ഇത്തരം പരാതികള്‍ക്ക് ഇടയാകാത്തവിധം ജാഗ്രത പുലര്‍ത്തണമെന്ന് ആശുപത്രി സൂപ്രണ്ടിന് കമ്മിഷന് നിര്‍ദേശം നല്കി.
അയല്‍വാസി മോശമായി പെരുമാറിയെന്ന കുട്ടികളുടെ പരാതിയില്‍ കേസെടുക്കാന്‍ പൊലിസിനോട് ആവശ്യപ്പെട്ടു. സ്കൂള്‍ അധികൃതരില്‍നിന്ന് കുട്ടികള്‍ക്ക് മോശം അനുഭവം നേരിട്ടെന്ന പരാതികളില്‍ സ്കൂള്‍ അധികൃതരെ കമ്മിഷന് താക്കീതു ചെയ്തു.
Tags : NattuVishasham DistrictNews