കിഴക്കഞ്ചേരിയിൽ കിഫ ഭാരവാഹികൾ പഞ്ചായത്ത് മെംബർ ലീലാമ്മ ജോസഫിന് നിവേദനം നൽകുന്നു.
വടക്കഞ്ചേരി: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുണ്ടായിട്ടുള്ള ആശങ്കകൾ ചർച്ച ചെയ്യുന്നതിനും പരിഹാര നടപടികൾക്കുമായി അടിയന്തിരമായി പ്രത്യേക ഗ്രാമസഭകൾ വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങൾ ഒപ്പുശേഖരണം നടത്തി പഞ്ചായത്ത് മെംബർമാർക്ക് നിവേദനം നൽകിത്തുടങ്ങി.
കിഫയുടെ നേതൃത്വത്തിൽ കിഴക്കഞ്ചേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ 206 പേർ ഒപ്പിട്ട നിവേദനം മെംബർ ലീലാമ്മ ജോസഫിനു നൽകി. റെനി അറക്കൽ, ഷാജൻ ആവലുംതടം, ബിജോ മൂലംകുഴക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്. ഇത്തരത്തിൽ പ്രശ്നബാധിതയാകാൻ സാധ്യതയുളള പ്രദേശങ്ങളിൽനിന്നു ജനങ്ങൾ ഒപ്പിട്ടുനൽകുന്ന നിവേദനങ്ങൾ അതാത് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് കൈമാറും.
തുടർന്ന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് പുറപ്പെടുവിച്ച് പ്രത്യേക ഗ്രാമസഭ വിളിച്ചുകൂട്ടണം. വിഷയം ചർച്ച ചെയ്ത് പ്രമേയം പാസാക്കണം.
സെപ്റ്റംബർ 27 നകം പരാതികളും പ്രമേയങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകേണ്ടതുണ്ട്. ജൂലൈ 27ന് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച ഇഎസ്എ കരട് വിജ്ഞാപനം സംബന്ധിച്ച് ചർച്ച, അതിൽ തീരുമാനമെടുക്കൽ, തീരുമാനങ്ങൾ പ്രമേയമായി അവതരിപ്പിച്ച് അംഗീകരിക്കൽ തുടങ്ങിയ വിഷയങ്ങളാണ് പ്രത്യേക ഗ്രാമസഭയിൽ അജണ്ടയായി നിർദേശിക്കുന്നത്.
ജില്ലയിൽ മാത്രം 13 വില്ലേജുകളാണ് പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതിലോലപരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.13 വില്ലേജുകളിലായി നൂറ്റിയന്പതോളം വാർഡുകൾ പ്രശ്നസാധ്യതാ പട്ടികയിലുണ്ട്.
Tags : Nattuvishesham DistrictNews