ദീപിക കളര്‍ ഇന്ത്യ മേഖലാതല ഉദ്ഘാടനം പ്രഫ. റോണി കെ. ബേബി എംഎൽഎ നിർവഹിക്കുന്നു.
കാഞ്ഞിരപ്പള്ളി: ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത എന്ന സന്ദേശമുയർത്തി ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടും രാജ്യത്തിന്റെ 80ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140ാം വാർഷികവും ഡിസിഎല്ലിന്റെ 75ാം വാർഷികവും മുൻനിർത്തി നടത്തിയ ദീപിക - ഡിസിഎൽ കളർഇന്ത്യ സീസൺ - അഞ്ച് മത്സരം കാഞ്ഞിരപ്പള്ളിയിൽ കളർഫുൾ ആയി. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്നായി എല്‍കെജി മുതല്‍ പ്ലസ് ടു വരെയുള്ള പതിനാലായിരത്തോളം വിദ്യാർഥികൾ ഇന്നലെ നടന്ന പെയിന്റിംഗ് മത്സരത്തില്‍ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂളിൽ മേഖലാതല ഉദ്ഘാടനം പ്രഫ. റോണി കെ. ബേബി എംഎൽഎ നിർവഹിച്ചു. അമൽജ്യോതി എൻജിനിയറിംഗ് കോളജ് ഡീൻ അക്കാഡമിക്സ് ഫാ.ഡോ. റൂബിൻ തോട്ടുപുറം അധ്യക്ഷത വഹിച്ചു. രാഷ്ട്രദീപിക ഡയറക്ടർ ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിസിഎൽ നാഷണൽ കോഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഫിൽസി സിഎംസി എന്നിവർ പ്രസംഗിച്ചു.