പ്രതീകാത്മക ചിത്രം
കൊല്ലം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പാട്ട് മുതല്‍ ഇടവ വരെയുള്ള തീരദേശമേഖലയില്‍ 11 രാത്രി 11.30 വരെ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാമെന്നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന-ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടലില്‍ ഇറങ്ങരുതെന്നും ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ ആനി ജൂല തോമസ് അറിയിച്ചു.
ജാഗ്രതാനിര്‍ദേശങ്ങള്‍
*കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
*ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം.
*തിരമാല ശക്തിപ്പെടുന്നഘട്ടത്തില് മത്സ്യബന്ധനയാനങ്ങള്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം.
*മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി നിര്‍ത്തണം.
*മത്സ്യ ബന്ധനയാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിടുക. -വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് അപകട സാധ്യത ഒഴിവാക്കും. മത്സ്യ ബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.
*ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക.
*തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രതപുലര്‍ത്തുക