നിരണം സെന്റ് മേരീസ് സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന മുഹമ്മദ് കുഞ്ഞും കുടുംബവും.
തിരുവല്ല: നിരണം സെന്റ് മേരീസ് ഹൈസ്കൂളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഒരു അമ്മയും മാനസിക വെല്ലുവിളികൾ നേരിടുന്ന രണ്ട് ആൺമക്കളും വയോധികനായ പിതാവും നൊന്പര കാഴ്ചയായി മാറുന്നു.
തളർന്നു കിടക്കുന്ന അമ്മയ്ക്ക് കൂട്ടാണ് 45ഉം 42 ഉം വയസുള്ള രണ്ട് ആൺ മക്കൾ. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. ഇവർക്ക് കൂട്ടായുള്ള പിതാവിനു പ്രായം 79. നിരണം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നിരണം വടക്കുംഭാഗം തൈപ്പറമ്പിൽ മുഹമ്മദ് കുഞ്ഞിന്റ് കുടുംബമാണ് വെള്ളപ്പൊക്കത്തിന്റെ ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്.
പല വിധമായ രോഗങ്ങളാൽ തളർന്ന് കിടക്കുന്ന75 വയസുകാരി ഷെരീഫാ ബീവിയും മൂത്ത മകൻ ആഷീമും ഇളയ മകൻ ആരീഷുമാണ് ദുരിതാശ്വാസ ക്യാമ്പിൽ ആരെയും വേദനിപ്പിക്കുന്ന കാഴ്ചയാകുന്നത്.
തകർച്ചയിലായ ഇവരുടെ വിട്ടീൽ കഴിഞ്ഞ ഒന്നിനു രാവിലെ വെള്ളം കയറിയതിനേ തുടർന്ന് നാട്ടുകാരും വാർഡ് മെംബറും ചേർന്ന് എല്ലാവരെയും നിരണം സെന്റ് മേരീസ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് സ്കൂളിലെ സ്റ്റേജിൽ ഇവരെ കിടത്തി. മക്കളായ ആഷിമും ആരീഷും അമ്മയുടെ കാൽക്കൽ ഇരിക്കാൻ തുടങ്ങി. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ അല്ലാതെ ഇവർ അമ്മയുടെ കാൽക്കലിൽ നിന്ന് എഴുനേൽക്കാതായത്തോടെ ക്യാമ്പുവാസികളിൽ വേദനയുളവാക്കി. ഷെരീഫ ബീവിയ്ക്ക് ഭർത്താവ് മുഹമ്മദ് കുഞ്ഞ് ഭക്ഷണം വരെ വാരി കൊടുക്കണം. കഴിഞ്ഞ ഒൻപത് ദിവസമായി ഈ കാഴ്ചയാണ് ക്യാമ്പിൽ കാണാൻ സാധിക്കുന്നത്.
മുഹമ്മദ് കുഞ്ഞിന്റെ മൂത്ത മകൻ ആഷിം മുസ്ലിയാർ പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് മാനസിക രോഗം പിടിപെട്ടത്.
ഇളയ മകൻ ആരീഷ് വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടിൽ തിരികെ എത്തി ഓട്ടോ റിക്ഷ ഓടിക്കുമ്പോഴാണ് മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഇവർ താമസിക്കുന്ന വീട് തകർച്ച നേരിടുന്നതാണ്. ഇവർക്ക് ഒരു വീടും ജീവിതം മുന്നോട്ട് നീക്കാനുള്ള മാർഗവും അനിവാര്യമാണ്. ക്യാന്പിൽ സഹായികളായി പഞ്ചായത്തംഗങ്ങളും ചുമതലക്കാരുമൊക്കെ യുണ്ട്. വീട്ടിലേക്ക് മടങ്ങുന്പോഴത്തെ ഇവരുടെ ജീവിതം നാട്ടുകാരുടെയും വേദനയാണ്.
Tags : Nattuvishesham DistrictNews DeepikaNews relief camp.