കള്ളിക്കാട്: കാർ റോഡരികിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മുൻ നക്സൽ നേതാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മുൻ നക്സൽബാരി നേതാവ് പേഴുംമൂട് കുഴിയംകോണം സ്വദേശിയായ സൈനുലാബ്ദീൻ (69) ആണ് മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ നെയ്യാർഡാം പൊലീസ് കേസെടുത്തു.
ഞായറാഴ്ച വൈകുന്നേരം നാലരയോടെ പരുത്തിപ്പള്ളി തേക്കുംമൂട് ജംഗ്ഷന് സമീപമായിരുന്നു അപകടം. കുറ്റിച്ചൽ ഭാഗത്തുനിന്ന് കള്ളിക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡിന്റെ വലതുഭാഗത്തേക്ക് ഇടിച്ചു കയറി ബൈക്കിലിരുന്ന് തുണിക്കച്ചവടം നടത്തുകയായിരുന്ന സൈനുലാബ്ദീനെ ഇടിക്കുകയായിരുന്നു. സമീപത്ത് തുണി വാങ്ങാനായി എത്തിയ ബിജുകുമാർ എന്നയാൾക്കും അപകടത്തിൽ പരിക്കേറ്റു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൈനുലാബ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ജീവൻ നഷ്ടമായത്. ബിജുകുമാറിന് തോളെല്ലിന് പൊട്ടലേറ്റു. സംഭവത്തിൽ നെയ്യാർഡാം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
സൈനുലാബ്ദീൻ പഴയകാല നക്സൽബാരി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു. നാട്ടുകാർക്കിടയിൽ കിംഗ് എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. ഭാര്യ: റഫീക്ക. മക്കൾ: ഖാജ, ഹസീന, ആഷിക്. സംസ്കാരം ഇന്ന് 11- ന് കുഴിയംകോണം ജമാ അത്തിൽ.
Tags : Former Naxal leader killed