എംഎൽഎയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതലയോഗം.
കയ്പമംഗലം: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനായി കെ.കെ.വത്സരാജ് എംഎൽഎയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. മതിലകം ഗ്രാമപഞ്ചായത്തിലെ കിഴക്കുമ്പുറം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ സർവീസ് റോഡ് നിർമാണം അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ദേശീയപാത അഥോറിറ്റി യോഗത്തിൽ ഉറപ്പ് നൽകി. വിവിധ പ്രദേശങ്ങളിലെ സർവീസ് റോഡുകളുടെ നിർമാണ പുരോഗതിയും യോഗം വിലയിരുത്തി.
ദേശീയപാതയിൽ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം, റോഡിലെ വെള്ളം വീടുകളിലേക്ക് കയറാതിരിക്കാൻ കാനകളുടെ വൃത്തിയാക്കൽ, ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട റോഡ് സുരക്ഷാ ക്രമീകരണങ്ങൾ, ഫൂട്ട് ഓവർ ബ്രിഡ്ജുകളുടെ നിർമാണം തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുന്ന കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി ഉന്നതതല യോഗം വിളിക്കാൻ തീരുമാനിച്ചു. ശാന്തിപുരം പി.എ. സെയ്തുമുഹമ്മദ് സ്മാരകത്തിൽ നടന്ന യോഗത്തിൽ ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി ഷാജി, കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, മതിലകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ആൽഫ, പെരിഞ്ഞനം പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. കരീം, ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷൻ അംഗം കെ.എസ്. ജയ എന്നിവർ വിവിധ വിഷയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. ദേശീയപാത പ്രോജക്റ്റ് വിഭാഗം ഉദ്യോഗസ്ഥർ, പിഡബ്ല്യുഡി എൻജിനീയർമാർ, നിർമാണകമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.