പ്രമോദ് കുമാർ.
അഞ്ചല്‍ : ഭാര്യാമാതിവിനെ മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒളിവില്‍ പോയ പ്രതിയെ ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കമുകുംചേരി പ്രദീപ് ഭവനില്‍ പ്രമോദ് കുമാറി (45) നെയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്നിന്നു പൊലീസ് സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. രാവിലെ മദ്യപിച്ചെത്തിയ പ്രമോദ് ഏരൂര്‍ സ്വദേശിനിയായ ഭാര്യ രഞ്ജിനിയുമായി വാക്കേറ്റം ഉണ്ടാവുകയും മരകഷ്ണം ഉപയോഗിച്ച് മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രഞ്ജിനി ഓടി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നു വീടിന് സമീപത്തെ ക്ഷേത്രത്തില്‍ ജോലി ചെയ്യുകയായിരുന്ന രഞ്ജിനിയുടെ മാതാവ് ഉഷക്കടുത്തേക്ക് എത്തിയ പ്രമോദ് ഇവരെ കഴുത്തിന് കുത്തിപ്പിടിച്ചു മര്‍ദിക്കുകയായിരുന്നു.
പിന്നീട് വീണ്ടും വീട്ടിലെത്തിയ പ്രതി വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ക്ക് തീയിടുകയും ടിവി, ഫാന്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ അടിച്ചു നശിപ്പിക്കുകയും ചെയ്തു. സംഭവ ശേഷം ആമ്പുലന്‍സ് ഡ്രൈവറായ പ്രമോദ് സ്ഥലത്ത് നിന്നു കടന്നുകളഞ്ഞു.
ഇതോടെ രഞ്ജിനിയുടെ പിതാവ് അര്‍ജുനന്‍പിള്ള ഏരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്തുവെന്ന് മനസിലാക്കി ഒളിവില്‍ പോയ പ്രതിയെ ഏരൂര്‍ എസ്എച്ച്ഒ വി.എസ്. അജീഷ്, എസ്ഐ പ്രീയ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരുവനന്തപുരത്ത്നിന്നു പിടികൂടുകയായിരുന്നു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.