പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സിനിമയിൽ പ്രധാന വേഷം നൽകാമെന്നു പറഞ്ഞു വയനാട്ടിലെ ജൂനിയർ ആർട്ടിസ്റ്റിനെ തിരുവനന്തപുരം തന്പാനൂരിലെ ലോഡ്ജിൽ വിളിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയതായി വയനാട് വനിത സെല്ലിൽ പരാതി നൽകിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ പോലീസ് സ്വീകരിച്ചില്ലെന്ന് സിനി ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.
നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുള്ള യുവതി കോ ഓർഡിനേറ്റർ പറഞ്ഞിട്ടാണ് ഫോട്ടോയും വിശദാംശങ്ങളും നിർമാതാവും സംവിധായകനുമെന്നു പരിചയപ്പെടുത്തിയ തിരുവനന്തപുരം സ്വദേശിയായ ആൾക്ക് കൈമാറിയത്. സിനിമയിലെ പ്രധാന കഥാപാത്രത്തെ നൽകാമെന്നും 24 ദിവസത്തെ ഷൂട്ടിംഗിന് 4.9 ലക്ഷം രൂപ നൽകാമെന്നും വിശ്വസിപ്പിച്ചു.
ഇതിനു ശേഷം തമിഴിലും അവസരം നൽകാമെന്ന് അറിയിച്ചു. പണത്തിന്റെ നികുതി ഇനത്തിൽ 5,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. യുവതി അയച്ചു നൽകി. പിന്നാലെ കഥയും കോസ്റ്റ്യൂമും ചർച്ച ചെയ്യാനായി തിരുവനന്തപുരത്തേയ്ക്കു വിളിച്ചു വരുത്തിയതായി യുവതി പറഞ്ഞു. ഒപ്പം അഭിനയിക്കുന്ന മറ്റൊരു സ്ത്രീയും ലോഡ്ജിലുണ്ടെന്ന് പറഞ്ഞാണ് വിളിച്ചത്.
ലോഡ്ജിൽ എത്തിയപ്പോഴാണ് ഒറ്റയ്ക്കാണെന്നു ബോധ്യപ്പെട്ടത്. തുടർന്ന് ശരീരത്തിൽ കടന്നു പിടിക്കാൻ ശ്രമിക്കുകയും കിടക്കയിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തു. പ്രതിരോധിച്ച ശേഷം ഓടിരക്ഷപ്പെടുകയായിരുന്നുവെന്നു യുവതി പറഞ്ഞു. പൊലീസിൽ പരാതി നൽകി ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചില്ല. പകരം കൈപ്പറ്റിയ പണം തിരികെ മേടിച്ചു തരാമെന്നുള്ള വാഗ്ദാനം മാത്രമാണ് പൊലീസ് നടത്തുന്നതെന്നും അവർ ആരോപിച്ചു.