കാസർഗോഡ്: ജില്ലയിലെ വനംവകുപ്പിൽ 10 മുതൽ 15 വർഷം വരെ ജോലിചെയ്തിരുന്ന ഡ്രൈവർമാരും വാച്ചർമാരുമടക്കമുള്ള ഇരുപതോളം ദിവസവേതന ജീവനക്കാരെ ശമ്പള കുടിശിക പോലും നൽകാതെ ഒഴിവാക്കിയതായി പരാതി. മുൻകൂർ നോട്ടീസ് പോലും നൽകാതെയാണ് ഈ മാസം ഒന്നുമുതൽ ഇവരെ ജോലിയിൽനിന്ന് ഒഴിവാക്കിയത്. കാടുമായി നേരിട്ടു പരിചയമുള്ള ഗോത്രവർഗ വിഭാഗങ്ങളിൽ നിന്ന് വാച്ചർമാരായി നിയോഗിക്കപ്പെട്ടവരും ഇക്കൂട്ടത്തിൽപ്പെടുന്നു.
വാച്ചർമാർക്ക് കഴിഞ്ഞ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള നാലുമാസത്തെയും ഡ്രൈവർമാർക്ക് മൂന്നുമാസത്തെയും ശമ്പളം കിട്ടാൻ ബാക്കിയുണ്ട്. ഇത് ഇനി എന്നേക്കു ലഭിക്കുമെന്ന കാര്യവും വ്യക്തമല്ല. ഇവർക്കു പകരം പുതുതായി നിയോഗിച്ച 17 പേരിൽ പലരും കാടുമായി ബന്ധമില്ലാത്തവരാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.