പ്രതീകാത്മക ചിത്രം
മലപ്പുറം: മഞ്ചേരി നഗരസഭാ 18-ാം വര്‍ഡില്‍ കോഴി മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം കാരണം പ്രദേശവാസികള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണെന്ന പരാതി അടിയന്തരമായി പരിശോധിച്ച് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിയമാനുസൃതമാണെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ജില്ലാ കളക്ടര്‍ക്ക് പുറമേ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ ശുചിത്വമിഷന് എന്നിവര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശിച്ചു. പ്ലാന്റിന്റെ പരിസരം വൃത്തിയാക്കി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
മാലിന്യം സമീപപ്രദേശങ്ങളില്‍ ഒഴുകിയെത്തരുത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാങ്കേതിക പരിശോധന നടത്തണമെന്നും കമ്മീഷന് നിര്‍േദശിച്ചു. പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയാല്‍ പരിഹരിക്കാന്‍ നിര്‍േദശം നല്‍കണം. പരാതികള്‍ക്ക് പരിഹാരമായതായി ഉറപ്പാക്കണമെന്നും കമ്മീഷന് നിര്‍േദശിച്ചു. പ്രദേശവാസികളുടെ ആരോഗ്യപരമായ ആശങ്കകള്‍ പരിഹരിക്കാന്‍ ഡിഎംഒ മുന്‍കൈയെടുക്കണം. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറും ജില്ലാ ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്ററും മുന്‍കൂട്ടി അറിയിക്കാതെ പരിശോധനകള്‍ നടത്തണമെന്നും കമീഷന് നിര്‍േദശിച്ചു. ദുര്‍ഗന്ധം, മലിനീകരണം, ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയ പരാതികള്‍ പരിഹരിക്കാനുള്ള നടപടികള്‍ക്ക് ജില്ലാ കളക്ടര്‍ ഏകോപനവും മേല്‍നോട്ടവും നിര്‍വഹിക്കണമെന്നും കെ. ബൈജുനാഥ് നിര്‍ദേശം നല്കി. പരാതിയെക്കുറിച്ച് കമ്മീഷന് ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍ അന്വേഷണം നടത്തിയിരുന്നു. മരുന്നന്‍ മുഹമ്മദ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Tags :