കണ്ണൂർ: കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ മൂന്നു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. കോൺഗ്രസ് കണ്ണൂർ മണ്ഡലം പ്രസിഡന്റും മുൻ കൗൺസിലറുമായ രഞ്ജിത്ത് താളിക്കാവിനായിരുന്നു മർദനമേറ്റത്. രഞ്ജിത്തിന്റെ പരാതിയിൽ എസ്ഐമാരായ രജീവൻ, ബിനു കൃഷ്ണൻ, തലശേരി സ്വദേശി തൻസീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. രജീവ് ഇന്നു സർവീസിൽ നിന്ന് വിരമിക്കുന്നയാളാണ്.
ഇക്കഴിഞ്ഞ 28ന് രാത്രി ഒന്‍പതരയോടെ കവിത ടാക്കീസനടുത്ത തട്ടുകടയക്ക് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. തട്ടുകടയിൽ നിന്ന് പോലീസുദ്യോഗസ്ഥരുൾപ്പടെ മൂന്നംഗ സംഘം ഭക്ഷണം കഴിക്കുന്നതിനിടെ ഉള്ളിക്ക് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം രഞ്ജിത്ത് തട്ടുകടക്കാരോട് പറഞ്ഞപ്പോൾ പോലീസുകാരുൾപ്പടെയുള്ള മൂന്നംഗ സംഘത്തിലെ തൻസീർ നീ ആരാടാ പറയാൻ എന്ന് ആക്രോശിച്ച് മർദിച്ചു. തുടർന്നു രജീവനും മർദിച്ചു.
ഇതിനിടെ ബിനു കൃഷ്ണൻ പ്ലേറ്റ് കൊണ്ടു മുഖത്തടിച്ചെന്നും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രഞ്ജിത്ത് നൽകിയ പരാതിയിൽ പറയുന്നു. ബിനു കൃഷ്ണൻ നേരത്തെ അച്ചടക്ക ലംഘനത്തിന്റെ ഭാഗമായി രണ്ടു തവണ സസ്പെൻഷൻ നടപടികൾ നേരിട്ടിട്ടുണ്ട്.