കോഴികൊത്തിപ്പാലത്തിന് സമീപം രൂപപ്പെട്ട വെള്ളക്കെട്ട്.
കാഞ്ഞിരപ്പള്ളി: കോഴികൊത്തിപ്പാലത്തിന്റെയും മഞ്ഞപ്പള്ളി പാലത്തിന്റെയും നിര്മാണം പൂര്ത്തിയാക്കണമെന്ന ആവശ്യം ശക്തം.
2025 ഫെബ്രുവരിയിലാണ് കോഴികൊത്തിപ്പാലത്തിന്റെ നിര്മാണം ആരംഭിച്ചത്. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി സ്ഥാപിക്കാത്തതിനാല് അപകടം നിറഞ്ഞതാണ് ഇതുവഴിയുള്ള യാത്ര. അപ്രോച്ച് റോഡിന്റെ അരികിലുള്ള കുഴി മനസിലാക്കുന്നതിന് കട്ട എടുത്ത് വച്ചിരിക്കുന്നതാണ് സുരക്ഷാസംവിധാനം. പാലത്തിനു സമീപം വെള്ളക്കെട്ട് രൂപപ്പെട്ട് കാല്നടയാത്രപോലും ദുസഹമായിരിക്കുകയാണ്.
മഞ്ഞപ്പള്ളി-എറികാട് റോഡിനെ ബന്ധിപ്പിക്കുന്ന മഞ്ഞപ്പള്ളി പാലത്തിന്റെയും സ്ഥിതിയും ഇതുതന്നെ. പാലം നിര്മിച്ചെങ്കിലും പാലത്തിന്റെ കൈവരികളും അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി നിര്മാണവും കോണ്ക്രീറ്റിംഗും ഇതുവരെ നടത്തിയിട്ടില്ല.
ഒരു വര്ഷത്തിലേറെയായി ഈ രണ്ട് പാലങ്ങളുടെയും നിര്മാണം ആരംഭിച്ചിട്ട്. പല കാരണങ്ങളാല് നിര്മാണപ്രവര്ത്തനങ്ങള് നീണ്ടുപോയി. പാലങ്ങളുടെ നിര്മാണം പൂര്ത്തിയാക്കി അപകടസാഹചര്യം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : bridges NattuVishasham DistrictNews