നിര്‍മാണം പൂര്‍ത്തിയാകുന്ന എഴുകോണ്‍ പോലീസ് സ്റ്റേഷന് സമുച്ചയം.
കൊട്ടാരക്കര: എഴുകോണ്‍ പോലീസ് സ്റ്റേഷന്റെ കെട്ടിട നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക്. വിവിധകാരണങ്ങളാല്‍ ഇടക്കാലത്ത് നിര്‍മാണം നിലച്ചുപോയിരുന്നതാണ്. എന്നാലിപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈവന്നിട്ടുണ്ട്. പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇവരുടെ കരാര്‍ കാലാവധി ജനുവരിയില്‍ അവസാനിക്കും. ഒക്ടോബറില്‍ നിര്‍മാണ ജോലികളെല്ലാം പൂര്‍ത്തിയാക്കി നവംബറില്‍ ഉദ്ഘാടനം നടത്താനാകുമെന്നാണ് കോര്പറേഷന് അറിയിച്ചിരിക്കുന്നത്.
എഴുകോണ്‍ അറുപറക്കോണം വെട്ടിലക്കോണത്ത് കെഐപി വകയായി ഉണ്ടായിരുന്ന ഭൂമിയില്‍നിന്ന് പോലീസ് സ്റ്റേഷനായി അനുവദിച്ച 20 സെന്റിലാണ് കെട്ടിടം നിര്‍മിക്കുന്നത്. മന്ത്രിയായിരിക്കെ കെ.എന്‍. ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച 1.65 കോടി രൂപ ഉപയോഗിച്ചാണ് പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മിക്കുന്നത്. രണ്ടുനില കെട്ടിടം പൂര്‍ത്തിയായി പ്ലാസ്റ്ററിംഗും നടത്തി. ഫ്ളോറിംഗ്, വൈദ്യുതീകരണ ജോലികളാണ് ശേഷിക്കുന്നത്. സിഐയ്ക്കും എസ്ഐമാര്‍ക്കും പ്രത്യേകം മുറികളും പരാതിക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള വിശ്രമമുറികള്‍, ഹാള്‍, ടോയിലറ്റ് സംവിധാനം, ശിശുസൗഹൃദ മുറി, ലോക്കപ്പ്, മറ്റ് ഉദ്യോഗസ്ഥര്‍ക്കുള്ള സൗകര്യങ്ങള്‍, വീഡിയോ കോണ്‍ഫറന്‍സ് സംവിധാനങ്ങള്‍ എന്നിവയടങ്ങുന്നതാണ് പുതിയ പോലീസ് സ്റ്റേഷന്.
എഴുകോണ്‍- കരീപ്ര റോഡരികിലായി ജീര്‍ണിച്ച വാടക കെട്ടിടത്തിലാണ് 2005 മുതല്‍ എഴുകോണ്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തിച്ചുവരുന്നത്. പഴയൊരു വീട് സ്റ്റേഷന് വേണ്ടി വാടകയ്ക്ക് എടുക്കുകയായിരുന്നു. മുമ്പ് സിഐ ഓഫീസ് എഴുകോണ്‍ പഞ്ചായത്ത് കോംപ്ലക്സിലായിരുന്നു.
സിഐ എസ്എച്ച്ഒ ആയതോടെ സ്റ്റേഷനില്‍ കൂടുതല്‍ വീര്‍പ്പുമുട്ടലായി. പത്തുപേര്‍ക്ക് ഒന്നിച്ച് സ്റ്റേഷനില്‍ നില്‍ക്കാനുള്ള ഇടമില്ല. വനിതാ പോലീസുകാരാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. വസ്ത്രം മാറാനോ, വിശ്രമിക്കാനോ ഇടമില്ലാത്ത ദുരിതാവസ്ഥ. തൊണ്ടി മുതലുകള്‍ സൂക്ഷിക്കാനും ഇടമില്ല. എല്ലാ ഉദ്യോഗസ്ഥരം ഹാജരുള്ള ദിവസങ്ങളില്‍ സ്റ്റേഷനില്‍ സ്ഥലം തികയാറില്ല. പലരും മുറ്റത്തും വരാന്തയിലുമൊക്കെയായി അഡ്ജസ്റ്റ് ചെയ്യേണ്ട സ്ഥിതിയാണ്. പുതിയ കെട്ടിടം വരുന്നതോടെ ഈ ദുരിതങ്ങള്‍ക്കൊക്കെ പരിഹാരമാകും.
Tags : Nattuvishesham DistrictNews DeepikaNews Construction