പ്രതീകാത്മക ചിത്രം
നെല്ലിയാമ്പതി: നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ കാഷ് ബിൽ അച്ചടിക്കുന്നതിനായി ഏജൻസിയെ തെരഞ്ഞെടുക്കുന്നതിൽ ചട്ടങ്ങൾ പാലിച്ചില്ലെന്നു ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്.
ദർഘാസ് ക്ഷണിക്കാതെയും ക്വട്ടേഷൻ സ്വീകരിക്കാതെയുമാണ് അച്ചടി ജോലികൾ അർധസർക്കാർ സ്ഥാപനമായ പാലക്കാട് കോ- ഓപറേറ്റീവ് പ്രിന്റിംഗ് പ്രസിന് നൽകിയതെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
ഫാമിൽ വിൽക്കുന്ന കാർഷിക ഉത്പന്നങ്ങൾക്കും മറ്റു സാധനങ്ങൾക്കും നൽകുന്ന രസീതുകൾ വർഷങ്ങളായി പാലക്കാട് കോ- ഓപറേറ്റീവ് പ്രിന്റിംഗ് പ്രസിലാണ് അച്ചടിച്ചു വരുന്നത്. എന്നാൽ സ്റ്റോർ പർച്ചേസ് മാനുവൽ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് അച്ചടി ജോലികൾ നൽകിയതെന്ന് പരിശോധനാ വിഭാഗം ചൂണ്ടിക്കാട്ടുന്നു.
2016- 17 മുതൽ 2023- 24 വരെയുള്ള ആഭ്യന്തര കണക്കുപരിശോധനയുടെ അടിസ്ഥാനത്തിലാണ് ധനകാര്യ പരിശോധനാ വിഭാഗം റിപ്പോർട്ട് തയാറാക്കിയത്. ഈ കാലയളവിൽ ജിഎസ്ടി ബിൽ ബുക്കുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഓഡിറ്റ് ഒബ്ജക്്ഷൻ ഉയർന്നതിനെ തുടർന്ന് നിലവിൽ ഉപയോഗിച്ചിരുന്ന ബിൽബുക്ക് തന്നെ തുടർഉത്തരവ് ലഭിക്കുന്നതുവരെ ഉപയോഗിക്കാൻ അഡീഷണൽ ഡയറക്ടർ അനുമതി നൽകിയിരുന്നുവെന്നാണ് ഫാം അധികൃതരുടെ വിശദീകരണം.
എന്നാൽ സർക്കാർ പ്രസിന് പുറത്തുള്ള സ്ഥാപനത്തിൽ അച്ചടി നടത്താൻ അഡീഷണൽ ഡയറക്ടറുടെ അനുമതി മാത്രം മതിയാകില്ലെന്നാണ് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ഇത്തരത്തിലുള്ള അനുമതി നൽകാനുള്ള അധികാരം കൃഷിവകുപ്പ് ഡയറക്ടർക്കുപോലുമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഫാമിന് സമീപത്തുള്ള അർധസർക്കാർ സ്ഥാപനമായതിനാലാണ് കോ- ഓപറേറ്റീവ് പ്രസിനെ തെരഞ്ഞെടുത്തതെന്ന വിശദീകരണവും ഫാം അധികൃതർ നൽകിയിട്ടുണ്ട്.
അതേസമയം, എത്ര കാഷ് ബില്ലുകൾ അച്ചടിച്ചു, അതിനായി എത്ര തുക ചെലവഴിച്ചു തുടങ്ങിയ വിവരങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. കൃഷിവകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ഫാമിൽ ജിഎസ്ടി ബില്ലുകൾ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
എന്നാൽ അച്ചടി ജോലികൾ ഉൾപ്പെടെ എല്ലാ വാങ്ങലുകളും സ്റ്റോർ പർച്ചേസ് മാനുവൽ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചായിരിക്കണമെന്ന് പരിശോധനാ വിഭാഗം കർശനമായി നിർദേശിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ ഇപിഎഫ് വിഹിതം കൃത്യസമയത്ത അടയ്ക്കുന്നതിലും ഫാമിൽ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിന്റെ ഭാഗമായി പിഴയും പലിശയും അടയ്ക്കേണ്ട സാഹചര്യമുണ്ടായതായും ഭാവിയിൽ ഇത്തരം സാമ്പത്തിക നഷ്ടങ്ങളുണ്ടായാൽ ഉത്തരവാദികളായ ജീവനക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പരിശോധനാ വിഭാഗം ശുപാർശ ചെയ്യുന്നു.
ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതിയിൽ അർഹതയില്ലാത്ത തൊഴിലാളികളെ ഉൾപ്പെടുത്തിയ സംഭവവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
ഇവരിൽ നിന്നീടാക്കിയ തുക തിരിച്ചുനൽകാൻ സംസ്ഥാന ഇൻഷ്വറൻസ് ഡയറക്ടർക്ക് നിർദേശം നൽകണമെന്നും പരിശോധനാ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കണ്ടെത്തിയ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയോ മറ്റു ശിക്ഷാനടപടികളോ റിപ്പോർട്ട് ശുപാർശ ചെയ്തിട്ടില്ല. നിർദേശങ്ങളും ഭരണപരമായ തിരുത്തൽ നടപടികളും മാത്രമാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
Tags : Local News Nattuvishesham Financial Audit Department cash bill