തൃശൂർ: നഗരത്തെ പച്ചപുതപ്പിച്ച് ഓക്സിജൻ ഗ്രീൻ സിറ്റിയാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി യുഡിഎഫ് ഭരണസമിതിയുടെ ആദ്യ കോർപറേഷൻ ബജറ്റ്. വായുമലിനീകരണം കുറച്ച്, പരിസ്ഥിതിസൗഹൃദപരമായ വികസനത്തിന് ഊന്നൽ നൽകുന്ന ബജറ്റ് ഡെപ്യൂട്ടി മേയർ എ. പ്രസാദ് അവതരിപ്പിച്ചു.
349,429,0917 രൂപ ചെലവും 112,885, 24657 രൂപ വരവും 779,423,3740 നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ്. ബജറ്റിൽ പ്രഖ്യാപിച്ച വിവിധ പദ്ധതികൾക്കു തുക വകയിരുത്തുന്നതോടെ നീക്കിയിരിപ്പിൽ കുറവുണ്ടാകും.
മഹാത്മാഗാന്ധിയുടെ വികസനദർശനങ്ങളും സാധാരണക്കാരുടെ നിർദേശങ്ങളും ഉൾക്കൊണ്ടാണ് ബജറ്റിനു രൂപം നൽകിയിരിക്കുന്നതെന്നു ഡെപ്യൂട്ടി മേയർ പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു ഡീസൽ ഉത്പാദിപ്പിക്കുന്ന പ്ലാന്റ്, പ്ലാസ്റ്റിക് റീ ഇൻഫോഴ്സ് കോൺക്രീറ്റിംഗ്, മാലിന്യത്തിൽനിന്ന് ഉത്പന്നങ്ങൾ ഉണ്ടാക്കൽ, വലിയകുളത്തിൽ ഫ്ലോട്ടിംഗ് സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി നിർമിക്കൽ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലെ ജലം പുനരുപയോഗിക്കൽ എന്നിവയും ബജറ്റിലെ പ്രധാന പരിസ്ഥിതിസൗഹൃദപദ്ധതികളാണ്. മിൽക്ക് എടിഎം, 24 മണിക്കൂർ പ്രവർത്തിക്കുന്ന പൊതുജനസേവന സംവിധാനങ്ങൾ തുടങ്ങിയ നൂതനആശയങ്ങളും ബജറ്റിൽ ഇടംനേടിയിട്ടുണ്ട്.
വയോധികർക്കും ഭിന്നശേഷിക്കാർക്കും അനുയോജ്യമായ രീതിയിൽ പൊതു ഇടങ്ങൾ മാറ്റിയെടുക്കും. കായികമേഖലയിൽ സിന്തറ്റിക് ട്രാക്ക് നിർമാണം, യുവാക്കൾക്കായി സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്റർ, ആധുനിക അറവുശാല തുടങ്ങിയവയും വാഗ്ദാനങ്ങളാണ്. സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ശക്തൻ സ്റ്റാൻഡ് നവീകരിക്കും.
ഫ്ലൈ ഓവറുകളും ബണ്ട് റോഡുകളും നിർമിക്കും. റോഡ് അറ്റകുറ്റപ്പണികൾക്കായി പോട്ട് ഹോൾ മെഷീൻ വാങ്ങും. സാമ്പത്തികസമാഹരണത്തിനായി മുനിസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കും.
മുൻ ഭരണസമിതികളിൽനിന്ന് വ്യത്യസ്തമായി എല്ലാ ഡിവിഷനുകളിലും വികസനമെത്തിക്കുമെന്നും പരാതിപരിഹാരത്തിനായി അദാലത്തുകൾ സംഘടിപ്പിക്കുമെന്നും മേയർ ഡോ. നിജി ജസ്റ്റിൻ വ്യക്തമാക്കി.
നികുതിദായകരിൽനിന്നായി മുൻഭരണസമിതി ഈടാക്കിയ അധികതുകയിൽ സുപ്രീംകോടതി അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇളവ് ആനുകൂല്യം അനുവദിക്കും. ഇതുമൂലം കോടികളുടെ തുക വരുമാനത്തിൽ ഇടിവുവരുമെങ്കിലും ചെലവുചുരുക്കലിലൂടെയും മറ്റു ധനമാർഗങ്ങളിൽകൂടിയും ഇതു പരിഹരിക്കുമെന്നു ഡെപ്യൂട്ടി മേയർ എ. പ്രസാദ് പറഞ്ഞു.
പദ്ധതികൾ നിരവധി; തുക മാത്രം ഇല്ല
കോർപറേഷൻ ബജറ്റിൽ പല പദ്ധതികൾക്കും തുക വകയിരുത്തിയെന്നു പ്രഖ്യാപിച്ചപ്പോഴും എത്ര രൂപയാണ് വകയിരുത്തിയതെന്നു വ്യക്തമാക്കിയിട്ടില്ല. കൾവർട്ട് നിർമാണം, തെരുവുവര, കളിസ്ഥലങ്ങൾ മെച്ചപ്പെടുത്തൽ, മൾട്ടിലെവൽ കാർ പാർക്കിംഗ്, തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ വൈഫൈ സംവിധാനം, ആശാ വർക്കർമാർക്കുള്ള ഓണറേറിയം, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലെ ജലം പുനരുപയോഗിക്കൽ തുടങ്ങി വിവിധ പദ്ധതികൾക്കാണ് തുക വ്യക്തമാക്കാത്തത്.
സ്ത്രീകൾക്കും കുട്ടികൾക്കുമായി
സ്ത്രീകൾക്കും കുട്ടികൾക്കുമായി വ്യത്യസ്തമായ വിവിധ പദ്ധതികളും ബജറ്റിൽ ഇടംപിടിച്ചു. വനിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീകൾക്കും പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കും മാത്രമായി സൗജന്യയാത്രയ്ക്കായി ബസ് സർവീസ്, ഇ ഓട്ടോ സംവിധാനം നടപ്പാക്കും.
സ്ത്രീകൾക്കു സൗജന്യ യോഗ, നീന്തൽ, ഡ്രൈവിംഗ് പരിശീലനം. മെൻസ്ട്രുവൽ കപ്പ് വിതരണം, വനിതാ സ്വയംസംരംഭകർക്കു ധനസഹായം, കുടുംബശ്രീ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കൽ, പിങ്ക് വാഷ് റൂം എന്നിവയും നടപ്പാക്കും.
ഇന്ദിര കാന്റീൻ
കുറഞ്ഞ നിരക്കിൽ പ്രഭാതംമുതൽ അത്താഴംവരെ ഭക്ഷണം നൽകുന്ന പദ്ധതിയും ശ്രദ്ധേയം. മൂന്ന് ഇഡലി, സാമ്പാർ, ചട്ണി എന്നിവ 10 രൂപ നിരക്കിൽ പ്രഭാതഭക്ഷണം. കഞ്ഞി, ചമ്മന്തി, പയർ ഉപ്പേരി, കൊണ്ടാട്ടമുളക് എന്നിവ അടങ്ങുന്ന ഉച്ചഭക്ഷണം 30 രൂപ. മൂന്നു ചപ്പാത്തിയും കറിയും അടങ്ങുന്ന അത്താഴം 10 രൂപ നിരക്കിൽ ലഭ്യമാക്കാനും കോർപറേഷൻ നീക്കം. ഇതിനായി സിഎസ്ആർ ഫണ്ട്, സ്പോൺസർഷിപ്പ് എന്നിവ മുഖേന തുക കണ്ടെത്തും.
വൈദ്യുതി ബജറ്റ്
2026-27 വർഷത്തെ വരവുചെലവ് കണക്കുകൾപ്രകാരം 4,60,64,50,000 രൂപ വരവും 4,47,17,00,000 ചെലവും വരുന്ന വൈദ്യുതിവിഭാഗം ബജറ്റും ഡെപ്യൂട്ടി മേയർ എ. പ്രസാദ് അവതരിപ്പിച്ചു.
പ്രധാന വികസന നിർദേശങ്ങൾ
സീവേജ് സെപ്റ്റിക് പ്ലാന്റ് നിർമാണം - 118 കോടി
ഇലക്ട്രിസിറ്റി പ്ലാന്റിനു പുതിയ കെട്ടിടം - 48 കോടി
ശങ്കരംകുളങ്ങര ജംഗ്ഷൻമുതൽ അയ്യന്തോൾ പുല്ലഴി വരെയുള്ള റോഡിന്റെ ബാക്കിയുള്ള ബിഎം ആൻഡ് ബിസി ടാറിംഗിന് 25 കോടി
ജംഗ്ഷൻ വികസനവും സൗന്ദര്യവത്കരണവും - 25 കോടി
വെള്ളക്കെട്ട് പരിഹരിക്കൽ -15 കോടി
സിന്തറ്റിക് ട്രാക് -10 കോടി
ജനറൽ ആശുപത്രിയിൽ എംആർഐ സ്കാനിംഗ് -10 കോടി
എൽഇഡി ലൈറ്റ് സ്ഥാപിക്കൽ - ഏഴു കോടി
ബെൽമൗത്ത് നിർമാണം - അഞ്ചു കോടി
ബണ്ട് റോഡ് നിർമാണം - അഞ്ചു കോടി
പ്രഥമ മേയർ ജോസ് കാട്ടൂക്കാരൻ സ്മാരക മിനി സ്റ്റേഡിയം കോംപ്ലകസ് - അഞ്ചു കോടി
വലിയ കുളങ്ങളിൽ ഫ്ലോട്ടിംഗ് എയ്റേറ്ററുകൾ സ്ഥാപിക്കൽ - അഞ്ചു കോടി
അയ്യന്തോൾ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണവും ഗ്രൗണ്ട് നവീകരണവും - അഞ്ചു കോടി
എംജി റോഡ് രണ്ടാംഘട്ട വികസനം - അഞ്ചു കോടി
ജീവനക്കാർക്കു കുരിയച്ചിറയിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമാണം - മൂന്നു കോടി
അരണാട്ടുകര കടവാരം പുറമ്പോക്കുനിവാസികളുടെ പുനരധിവാസത്തിനുള്ള ഫ്ലാറ്റ് നിർമാണം - രണ്ടരകോടി
നഗരവികസനം പ്ലാനിംഗ് ഓഫ് പാർക്ക് ട്രാൻസ്പോർട്ടേഷൻ നെറ്റ്വർക്ക് - രണ്ടുകോടി
പ്ലാസ്റ്റിക് ടു ഡീസൽ പ്ലാന്റ് - രണ്ടു കോടി
നെഹ്റു പാർക്ക് നവീകരണം - ഒരുകോടി
പിങ്ക് വാഷ് റൂം - ഒരുകോടി
പുലിക്കളി പ്രോത്സാഹിപ്പിക്കുന്നതിന് 75 ലക്ഷം
എബിസി പദ്ധതി/ തെരുവുനായ്ക്കൾ ഷെൽട്ടർ - 50 ലക്ഷം
ബജറ്റ് വെറും രാഷ്ട്രീയപ്രസംഗമായി: ടി.ആർ. ഹിരണ്
തൃശൂർ: പുതിയ പദ്ധതികളോ സാന്പത്തികസ്ഥിതിയോ വരവുചെലവുകണക്കോ കമ്മി, മിച്ചബജറ്റോ എന്നുപോലും വ്യക്തമല്ലാത്ത, ദീർഘവീക്ഷണമില്ലാത്ത വെറും രാഷ്ട്രീയപ്രസംഗം മാത്രമായി ബജറ്റ് അവതരണം മാറിയെന്നു കോർപറേഷൻ പ്രതിപക്ഷനേതാവ് ടി.ആർ. ഹിരണ്. ക്ഷേമപ്രവർത്തനങ്ങളോ നൂതനപദ്ധതികളോ ഇല്ലാതെ പഴയ ഭരണസമിതിയുടെ തുടർപദ്ധതികൾ മാത്രമായി ബജറ്റ്.
യുവജനം, പാർപ്പിടം, വയോജനം, കുടുംബശ്രീ, കുടിവെള്ളം, വ്യവസായം, ലേണിംഗ് സിറ്റി, ദാരിദ്ര്യ ലഘൂകരണം, നഗരമുഖച്ഛായ മാറ്റൽ പദ്ധതികൾ തുടങ്ങിയവയെപ്പറ്റി പരാമർശമുണ്ടായില്ല. യുനെസ്കോ ലേണിംഗ് സിറ്റിക്കു പണം വകയിരുത്തിയില്ലെന്നു മാത്രമല്ല അതിനെക്കുറിച്ചു പരാമർശവുമുണ്ടായില്ല. വ്യാപാരികൾ, വ്യവസായമേഖല, ടാക്സേഷൻ, പുതിയ കുടിവെള്ളപദ്ധതികൾപോലും മറന്നു.
ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്കു തുക വകയിരുത്താത്തതു ജനത്തെ കബളിപ്പിക്കലാണ്. ഇലക്ട്രിസിറ്റി ബജറ്റിൽ കഴിഞ്ഞ ഭരണസമിതിയുടെ തുടർപദ്ധതികളല്ലാതെ പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.