ക്ഷീരവികസനവകുപ്പ് ആരംഭിച്ച ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തൊടുപുഴ തഹസില്‍ദാര്‍ ബോബി റോസ് ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: ഓണക്കാലത്ത് ക്ഷീരവികസന വകുപ്പ് നടത്തിവരുന്ന പ്രത്യേക പാല് പരിശോധന ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് വിപണിയില്‍ ലഭ്യമാകുന്ന വിവിധയിനം പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പാലില്‍ മായം കലര്‍ത്തുന്നത് കണ്ടെത്തുന്നതിനുമായാണ് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലെ ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ ഓഫീസില്‍ ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിച്ചത്.
തൊടുപുഴ തഹസില്‍ദാര്‍ ബോബി റോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ട്രീസ തോമസ് അധ്യക്ഷത വഹിച്ചു. 24 വരെ ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പൊതുജനങ്ങള്‍ക്ക് പാല് സൗജന്യമായി പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാന്‍ കഴിയും.
ഓണക്കാലത്ത് പാലിന്റെ ഉപഭോഗം വര്‍ധിക്കുന്നതിനാല്‍ അന്യസംസ്ഥാനത്തുനിന്നു കേരളത്തിലേക്ക് പാല് കൊണ്ടുവരികയും മാര്‍ക്കറ്റില്‍ വിവിധ പായ്ക്കറ്റുകളിലായി വിറ്റഴിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ സമയത്ത് ലഭ്യമായ വിവിധ പായ്ക്കറ്റ് പാലുകളുടെ ഗുണമേന്മയും സുരക്ഷിതത്വവും പരിശോധിച്ച് ഉറപ്പുവരുത്തണം. ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ഓണക്കാല പ്രത്യേക പാല് പരിശോധന ലാബ് പ്രവര്‍ത്തിക്കും.
ഗുണമേന്മ കുറഞ്ഞ പാല് സാമ്പിള്‍ സംബന്ധിച്ച വിവരങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറും. ഉപഭോക്താക്കള്‍ക്കും ഉത്പാദകര്‍ക്കും ക്ഷീരസഹകരണ സംഘം പ്രവര്‍ത്തകര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിച്ചു നല്‍കും. ഇതിനായി കുറഞ്ഞത് 200 മില്ലി ലിറ്റര്‍ പാല് കൊണ്ടുവരണം.
സംയുക്ത പരിശോധന ഈ വര്‍ഷവും ഇല്ല
തൊടുപുഴ: ഓണക്കാലത്ത് പതിവായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നടത്തിവന്നിരുന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ക്ഷീരവികസന വകുപ്പിന്റെയും സംയുക്ത പരിശോധന ഇത്തവണയും ഉണ്ടാകില്ല. ഏതാനും വര്‍ഷങ്ങളായി അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെ പരിശോധന മുടങ്ങിയിരിക്കുകയാണ്. അതിനാല്‍ തമിഴ്നാട്ടില്‍നിന്നു പരിശോധനയില്ലാതെ വന്‍ തോതില്‍ പാലും പാലുത്പന്നങ്ങളും ഇത്തവണയും ജില്ലയിലേക്കെത്തിയേക്കും.
കേടുവരാതിരിക്കാനുള്ള കൃത്രിമ രാസവസ്തുക്കള്‍ ചേര്‍ത്താണ് പാലും പാലുത്പന്നങ്ങളും അതിര്ത്തികടന്നെത്തുന്നതെന്ന ആരോപണത്തെത്തുടര്‍ന്നാണ് മുന്‍ കാലങ്ങളില്‍ പാല് കൊണ്ടുവരുന്ന വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തിയിരുന്നത്.
ഏതാനും വര്‍ഷം മുമ്പ് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ടാങ്കറില്‍ എത്തിച്ച പാല് പിടികൂടിയ സംഭവത്തില്‍ ഇരുവിഭാഗവും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് സംയുക്ത പരിശോധന നിലച്ചത്. നേരത്തേ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ലാബിന്റെ സഹായത്തോടെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തിയിരുന്നു.
ഓണക്കാലത്ത് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാല് മതിയാകാതെവരുന്ന സാഹചര്യത്തിലാണ് അതിര്‍ത്തി കടന്ന് വന്‍ തോതില്‍ പാലും പാലുത്പന്നങ്ങളും എത്തുന്നത്. ടാങ്കറുകളിലും ചെറു വാഹനങ്ങളിലും പാല് ജില്ലയിലേക്ക് ഒഴുകിയെത്തും.
പരിശോധന കര്‍ശനമാക്കിയപ്പോള്‍ ഗുണമേന്മയേറിയ പാലാണ് ഇവിടേക്കെത്തിയിരുന്നത്. പരിശോധന നിലച്ചതോടെ നിലവാരമില്ലാത്ത പാല് വ്യാപകമായി അതിര്‍ത്തി വഴി എത്തുമെന്നാണ് വിലയിരുത്തല്‍.
Tags : Nattuvishesham Local News Dairy Development milk testing