പ്രതീകാത്മക ചിത്രം
ആലുവ: ഡോ. സി.ജെ. റോയിയുടെ മരണം മനുഷ്യാവകാശ കമ്മീഷൻ കേസ് ഇന്ന് പരിഗണിക്കും. കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകൻ ഡോ. സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ അന്വേഷിക്കണമെന്ന പരാതിയിൽ എടുത്ത കേസാണ് കർണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ബംഗളൂരുവിൽ പരിഗണിക്കുന്നത്.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ സെർച്ച് നടപടികൾ കോൺഫിഡന്റ് ഗ്രൂപ്പ് ബംഗളൂരു ഓഫീസിൽ നടത്തവെയാണ് സി.ജെ. റോയ് സ്വയം വെടിവച്ച് മരിച്ചതായി പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മരണത്തിൽ ദുരൂഹത ഉണ്ടെന്നും ആദായനികുതി ഉദ്യോഗസ്ഥരുടെ പീഡനം മനുഷ്യാവകാശ കമ്മീഷൻ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിംഗ അടക്കമുള്ളവർ കർണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു.
കേസ് ഫയലിൽ സ്വീകരിച്ച കമ്മീഷൻ പരാതികളിൽ വിശദീകരണം ബോധിപ്പിക്കാനും അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്യാനും ബാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച റിപ്പോർട്ടും പരാതിക്കാരുടെ ഭാഗവും ഇന്ന് കമ്മീഷൻ നേരിട്ട് കേൾക്കും.
2026 ജനുവരി 30-നാണ് ബംഗളൂരു അശോക് നഗറിലുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിനുള്ളിൽ സി.ജെ. റോയ് സ്വയം നിറയൊഴിച്ച് മരിച്ചത്. കേരള ഘടകം ആദായ നികുതി ഉദ്യോഗസ്ഥരാണ് ബംഗളൂരുവിലെ സി.ജെ. റോയിയുടെ ഓഫീസിൽ റെയ്ഡ് തുടർച്ചയായി നടത്തിയത്.
Tags : Nattuvishesham DistrictNews DeepikaNews Human Rights Commission