തൊടുപുഴ: ഓണത്തോടനുബന്ധിച്ച് കൃഷിവകുപ്പ് ജില്ലയിലെ കര്‍ഷകരില്‍നിന്നു ശേഖരിച്ചത് 47.9 ലക്ഷം രൂപയുടെ കാര്‍ഷികോത്പന്നങ്ങള്‍. വകുപ്പിന്റെ ഓണസമൃദ്ധി ഓണച്ചന്തകള്‍ വഴിയാണ് ഉത്പന്നങ്ങൾ വിറ്റഴിച്ചത്. ആകെ 84 ഓണച്ചന്തകളാണ് ജില്ലയില്‍ തുറന്നത്. 52 ഓണസമൃദ്ധി സ്റ്റാളുകളാണ് കൃഷി വകുപ്പ് ജില്ലയില്‍ നേരിട്ട് നടത്തിയത്. ഇതിനു പുറമേ ഹോര്‍ട്ടി കോര്‍പ് 25 സ്റ്റാളുകളും വിഎഫ്പിസികെ ഏഴ് സ്റ്റാളുകളും തുറന്നു.
56 ഇനങ്ങളിലായി 73.5 ടണ്‍ പച്ചക്കറിയാണ് കര്‍ഷകരില്‍നിന്ന് കൃഷി വകുപ്പ് സംഭരിച്ചത്. ഇതിന് 40.17 ലക്ഷം രൂപ ചെലവഴിച്ചു. പഴങ്ങള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തുടങ്ങിയവ 2.16 ലക്ഷം രൂപയുടെയും തേങ്ങ, അരി എന്നിവ 5.48 ലക്ഷം രൂപയുടെയും സംഭരിച്ചു. കര്‍ഷകരില്‍നിന്ന് 10 ശതമാനം അധിക വില നല്കി സംഭരിച്ച ഉത്പന്നങ്ങള്‍ 30 ശതമാനംവരെ വിലക്കുറവിലാണ് ജനങ്ങള്‍ക്ക് നല്‍കിയത്. 36.53 ലക്ഷം രൂപവിറ്റുവരവ് നേടി. ഏഴ് ബ്ലോക്കുകളിലായി 9821 ഉപഭോക്താക്കളാണ് കൃഷി വകുപ്പിന്റെ സ്റ്റാളുകള്‍ വഴി ഉത്പന്നങ്ങള്‍ വാങ്ങിയത്.
ഏറ്റവും കൂടുതല്‍ ഉത്പന്ന ശേഖരണം നടത്തിയത് കട്ടപ്പന ബ്ലോക്കിലാണ്. 10.78 ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍ ഇവിടെ ശേഖരിച്ചു. 8.11 ലക്ഷം രൂപയുടെ വില്‍പ്പന നടന്നു. സംഭരിച്ച ഉത്പന്നങ്ങളുടെ വില കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയതായി കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു.
വിഎഫ്പിസികെ 117 കര്‍ഷകരില്‍നിന്നായി 6.25 ടണ്‍ നാടന്‍ ഉത്പന്നങ്ങള്‍ സംഭരിച്ച് വിപണികളില്‍ എത്തിച്ചു. വട്ടവടയില്‍നിന്നുള്ള ശീതകാല പച്ചക്കറികള്‍ 2.3 ടണ്‍, ഹോര്‍ട്ടികോര്‍പ് വഴി മറുനാടന്‍ ഇനങ്ങള്‍ 4.5 ടണ്‍ എന്നിങ്ങനെയാണ് വിഎഫ്പിസികെ സ്റ്റാളുകളിലൂടെ വിപണിയില്‍ എത്തിച്ചത്. 1,300 ഉപഭോക്താക്കള്‍ ഉത്പന്നങ്ങള്‍ വാങ്ങിയതിലൂടെ 6.1 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി.
അടിമാലി, രാജാക്കാട്, തോപ്രാംകുടി, തങ്കമണി, ഉടുമ്പന്നൂര്‍, കോടിക്കുളം, മുട്ടം എന്നിവിടങ്ങളിലാണ് വിഎഫ്പിസികെ സ്റ്റാളുകള്‍ തുറന്നത്. ഹോര്‍ട്ടികോര്‍പ്പിന് ജില്ലയില്‍ 25 ഓണസമൃദ്ധി സ്റ്റാളുകളാണ് ഉണ്ടായിരുന്നത്.
കുടുംബശ്രീ നേടിയത് 62 ലക്ഷം
ഇടുക്കി: ഓണക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകി കുടുംബശ്രീ നേടിയത് 62 ലക്ഷം. ഓണം മേളകള്‍, ഓണക്കിറ്റ്, ഓണസദ്യ വിതരണം എന്നിവയിലൂടെയാണ് ലക്ഷങ്ങളുടെ വിറ്റുവരവ് ഇത്തവണ കുടുംബശ്രീ നേടിയത്. ജില്ലാതലം ഉള്‍പ്പെടെ സംഘടിപ്പിച്ച 107 ഓണം വിപണന മേളകളിലൂടെ 62,48,300 രൂപയാണ് നേടിയത്.
അവശ്യസാധനങ്ങളും നാടന്‍ ഉത്പന്നങ്ങളും ന്യായവിലയില്‍ ജനങ്ങളിലെത്തിക്കാന്‍ കുടുംബശ്രീ ചന്തകള്‍ക്ക് സാധിച്ചു. ഇതിനു പുറമേ ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ മാത്രം ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയ 250, 500, 700 രൂപ നിരക്കുകളിലുള്ള 39,37,850 രൂപയുടെ 7,710 കിറ്റുകള്‍ കുടുംബശ്രീ സിഡിഎസുകള്‍വഴി കുടുംബങ്ങളിലെത്തിച്ചു. ഓണഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി കുടുംബശ്രീ ഓണസദ്യയും ഒരുക്കി.
ജില്ലയിലെ 38 കുടുംബശ്രീ യൂണിറ്റുകള്‍വഴി ഇക്കുറി 12,943 സദ്യയാണ് വിളമ്പിയത്. ആകെ 27,17,350 രൂപയുടെ ഓണസദ്യ കുടുംബശ്രീ വില്‍പ്പന നടത്തി.
ഗുണനിലവാരമുള്ള ഉത്പന്നങ്ങളും സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനായതാണ് വലിയ നേട്ടത്തിന് പിന്നിലെന്ന് അധികൃതര്‍ പറഞ്ഞു.