പൊതുവഴി കൈയേറി ഗേറ്റ് സ്ഥാപിച്ചതായി ആരോപിക്കപ്പെടുന്ന സ്ഥലം.
കരുവാരകുണ്ട്: കല്കുണ്ട് മഞ്ഞളാംചോലയില്‍ സ്വകാര്യ വ്യക്തി പൊതുവഴി കൈയേറി ഗേറ്റ് സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തിയെന്ന പരാതിയില്‍ കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. പഞ്ചായത്തിന്റെ ആസ്തിയില്‍ ഉള്‍പ്പെട്ടതായി പറയപ്പെടുന്ന മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലാണ് ഗേറ്റ് സ്ഥാപിച്ചെന്നതാണ് പരാതി. വര്‍ഷങ്ങളായി പ്രദേശവാസികളും പൊതുജനങ്ങളും യാത്രയ്ക്കായി ഉപയോഗിച്ചുവരുന്ന വഴിയാണിത്. ഇതോടെ വാഹന ഗതാഗതത്തിനും കാല്‍നടയാത്രയ്ക്കും തടസമുണ്ടായതായും പരാതിയുണ്ട്.
റോഡിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളും പൊതുവഴിയെന്ന നിലയിലുള്ള ഉപയോഗവും അധികൃതര്‍ പരിശോധിച്ചുവരികയാണ്. പഞ്ചായത്ത് ആസ്തിയില്‍ ഉള്‍പ്പെട്ട റോഡാണോ, ഗേറ്റ് സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരുടെ അനുമതി ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. പൊതുജനങ്ങള്‍ ദീര്‍ഘകാലമായി ഉപയോഗിച്ചുവരുന്ന വഴിയില്‍ സ്വകാര്യ താല്പര്യത്തിന്റെ ഭാഗമായി ഗതാഗതം തടസപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
Tags : Nattuvishesham Districtnews Deepikanews Public road