പ്രതീകാത്മക ചിത്രം
നെടുങ്കണ്ടം: ബാലഗ്രാം സര്‍വീസ് സഹകരണ ബാങ്കിൽ എല്‍ഡിഎഫ് ഭരണസമിതി നടത്തിയ 12 കോടിയുടെ ക്രമക്കേടിന്റെ ഭാരം മുന്‍ യുഡിഎഫ് ഭരണസമിതിയുടെ മേല്‍ കെട്ടിയേല്പ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. 2018 ല്‍ യുഡിഎഫ് ഭരണസമിതിയുടെ കാലാവധി അവസാനിക്കുമ്പോള്‍ നഷ്ടം 8.5 കോടി രൂപയായിരുന്നു. ബാങ്ക് രൂപീകരിച്ചതുമുതല്‍ 35 വര്‍ഷത്തെ മൊത്തം പ്രവര്‍ത്തനനഷ്ടമാണ് ഇത്.
എന്നാൽ എല്‍ഡിഎഫ് ഭരണസമിതി വന്നതിന് ശേഷം നഷ്ടം 12.5 കോടിയായത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നഷ്ടം പരിഹരിക്കുന്നതിനായി 2020 -25 കാലഘട്ടത്തില്‍ നബാര്‍ഡില്‍ നിന്നും കേരള ബാങ്കില്‍ നിന്നും ആറ് കോടി രൂപ വീതം ലഭിച്ചിരുന്നു. ഇതുവഴി നഷ്ടം 50 ലക്ഷം മാത്രമായി ചുരുങ്ങേണ്ടതാണ്. ബാങ്കിന് ലഭിച്ച 12 കോടി എവിടെയെന്ന് ഭരണസമിതി വ്യക്തമാക്കണം.
\
കഴിഞ്ഞ വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം പ്രവര്‍ത്തന നഷ്ടം 26 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫ് ഭരണസമിതിയെ പിരിച്ചുവിടുമ്പോള്‍ കേരളാ ബാങ്കില്‍ ഒന്നരക്കോടി രൂപയുടെ കരുതല്‍ നിക്ഷേപം ഉണ്ടായിരുന്നു. പിന്നീട് എല്‍ഡിഎഫ് എത്തിയപ്പോള്‍ ഈ തുക പിന്‍വലിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പുറത്തുവരുമെന്ന ഭയം മൂലമാണ് എല്‍ഡിഎഫ് വ്യാജ ആരോപണങ്ങളും വ്യാജ ഉത്തരവുകളുമായി രംഗത്തെത്തുന്നത്.
യുഡിഎഫ് ഭരണസമിതി 90 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടതായുള്ള പ്രചാരണങ്ങൾ വ്യാജമാണെന്നും ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹന്‍, പഞ്ചായത്തംഗം വിഷ്ണു ശ്രീമന്ദിരം, ടി.എം. വര്‍ഗീസ്, മന്മഥന് നായർ, അജി മക്കൊള്ളില്‍, അബ്ദുള്‍ റഷീദ് എന്നിവര്‍ ആരോപിച്ചു.