ബിജെപി ഓഫീസിന് നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണക്കേസിൽ അറസ്റ്റിലായ പ്രതികളെ പോലീസ് മാധ്യമങ്ങൾക്കു മുമ്പിൽ ഹാജരാക്കിയപ്പോൾ.
ഛണ്ഡിഗഢ്: പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ബിജെപി ഓഫീസിന് നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണക്കേസിൽ രണ്ടുപേർ അറസ്റ്റിൽ. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട റാണാ ഭായ് എന്നയാളാണ് ഇവരെക്കൊണ്ട് ആക്രമണം നടത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
ബിജെപി ഓഫീസിന് നേരെ ആക്രമണം നടത്തി അതിന്റെ വീഡിയോ അയച്ചാൽ 2,200 രൂപ പ്രതിഫലം നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആക്രമണം നടത്തിയ ശേഷവും വാഗ്ദാനം ചെയ്ത പണം ലഭിച്ചില്ല. അതിനിടെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം പ്രതികളുടെ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയില്ല.
ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന സ്കൂട്ടറും ഇരുവരുടെയും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഞായറാഴ്ച പുലർച്ചെ 2.35ഓടെയാണ് സംഭവം നടന്നത്. ഫ്യൂസ് ഘടിപ്പിച്ച പെട്രോൾ ബോംബ് ബിജെപി ഓഫീസിന് നേരെ എറിഞ്ഞശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. പ്രതികളെക്കൊണ്ട് ആക്രമണം നടത്തിച്ചയാൾ വിദേശത്താണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും സാമൂഹികമാധ്യമ ബന്ധങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
Tags : BJPOffice PetrolBomb Attack PunjabPolice Arrest Sangrur