തോട്ടത്തിൽ ഹബീബിന്റെ കോഴികൾ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്ത നിലയിൽ.
മുക്കം: കോഴികളെ വളർത്താനാകാതെ ബുദ്ധിമുട്ടുകയാണ് കാരശേരിക്കാർ. പകൽ സമയത്ത് കൂട്ടമായെത്തുന്ന നായ്ക്കളും രാത്രിയിൽ കൂട് തകർക്കുന്ന അജ്ഞാത ജീവികളും കോഴികൾക്ക് ഭീഷണിയാകുന്നു.
കാരശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കോഴികളാണ് ഈ രീതിയിൽ കൊല്ലപ്പെട്ടത്. മൂന്ന് മാസം മുമ്പ് കാരശേരി ഗ്രാമപഞ്ചായത്തിൽ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തതിനാൽ ഒട്ടേറെ വീടുകളിൽ കോഴികളെ വളർത്തുന്നുണ്ട്. ഇതിനിടെയാണ് നായകളുടെയും അജ്ഞാത ജീവികളുടെയും പരാക്രമം വിനയായത്.
കക്കാടിൽ ഒട്ടേറെ പേരുടെ കോഴികൾ ഇതിനകം ചത്തു. തോട്ടത്തിൽ ഹബീബിന് പഞ്ചായത്തിൽ നിന്നു ലഭിച്ച അഞ്ച് കോഴികളിൽ രണ്ടെണ്ണത്തെ കഴിഞ്ഞ ദിവസം നായ കടിച്ചു കൊന്നു. അവശേഷിച്ച മൂന്നെണ്ണത്തെ ശനിയാഴ്ച രാത്രി അജ്ഞാത ജീവി കൂട്ടിൽനിന്നും കൊന്നു.
ഏത് ജീവിയാണ് രാത്രിയിൽ കോഴികളെ കൊല്ലുന്നതെന്ന് വ്യക്തമല്ല. കൂട് പൊളിച്ചുള്ള ആക്രമണം ഇവരുടെ പ്രതിസന്ധി വർധിപ്പിക്കുകയാണ്. ആക്രമണം ഇനിയും തുടർന്നാൽ കോഴിവളർത്തൽ തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. പകൽ സമയത്തെ തെരുവുനായ്ക്കളുടെ ആക്രമണവും രാത്രിയിലെ അജ്ഞാത ജീവികളുടെ ആക്രമണവും അവസാനിപ്പിക്കാൻ ആവശ്യമായി നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
Tags : Nattuvishesham DistrictNews DeepikaNews poultry farming