മയ്യിൽ: മയ്യിൽ പഞ്ചായത്തിലെ മൂന്നാം വാർഡായ കോട്ടയാട്-നെറ്റ്യാറമ്പ്-കലുങ്കടവ് പ്രദേശത്ത് പുഴയോരത്ത് മാലിന്യം തള്ളുകയും കുടിവെള്ളം മലിനമാക്കുകയും ചെയ്ത ഹോട്ടലിനെതിരെ നടപടിയുമായി പഞ്ചായത്ത് അധികൃതർ.
മയ്യിൽ ചെക്ക്യാട്ട്കാവ് ബസ്സ്റ്റോപ്പിനു സമീപം പ്രവർത്തിക്കുന്ന സൂൺ ഹോട്ടലിനെതിരെയാണ് ഗൗരവകരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ഹോട്ടലിലെ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പുഴയോരത്തുള്ള ഒഴിഞ്ഞപറമ്പിൽ കൂട്ടിയിട്ട് കത്തിച്ച നിലയിൽ കണ്ടെത്തി. ഇതിന് പിന്നാലെ സമീപത്തെ വീടുകളിലെ കിണറ്റിൽ നിന്ന് രൂക്ഷഗന്ധം അനുഭവപ്പെട്ടതോടെയാണ് കിണറുകൾ മലിനമായ വിവരം പുറത്തറിയുന്നത്.
ശൗചാലയത്തിൽ നിന്നുള്ള മാലിന്യമാണോ കിണറ്റിലെത്തുന്നത് എന്ന സംശയവും പ്രദേശവാസികൾ ഉയർത്തുന്നുണ്ട്. ആരും ഇല്ലാത്ത സമയംനോക്കി വാഹനങ്ങളിൽ എത്തിയാണ് ഹോട്ടൽ അധികൃതർ ഇവിടെ മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞവർഷവും സമാനമായ രീതിയിൽ മലിനജലം ഒഴുക്കിവിട്ടതിന് ഈ ഹോട്ടലിന് എൻഫോഴ്സ്മെന്റ് പിഴ ചുമത്തിയിരുന്നു. വീണ്ടും നിയമലംഘനം തുടരുന്ന പശ്ചാത്തലത്തിൽ ഹോട്ടലിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മയ്യിൽ പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Tags : Drinking water nattuvisheaham local news