തിരിച്ചുപിടിച്ച മാലയുമായി പ്രസന്നകുമാരി, മോഷ്ടാവ് വിജയദാസ്.
നെയ്യാറ്റിന്‍കര: മാല മോഷ്ടിച്ച് ബൈക്കില്‍ കടന്നു കളയാന്‍ ശ്രമിച്ച യുവാവിനെ വയോധിക സാഹസികമായി പിടികൂടി. കടയില്‍നിന്ന് വീട്ടിലേയ്ക്കു പോവുകയായിരുന്ന പ്രസന്നകുമാരി (61) യുടെ കഴുത്തിലെ മൂന്നു പവന്റെ സ്വര്‍ണമാലയാണ് ആറയൂര്‍ ചാവല്ലൂര്‍ പൊറ്റ സ്വദേശി വിജയദാസ് (40) പൊട്ടിച്ചെടുത്തത്.
പരശുവയ്ക്കലിലായിരുന്നു സംഭവം. വിജയദാസ് വഴിയില്‍ ബൈക്കിലിരുന്നു ഫോണ്‍ ചെയ്യുന്നതു കണ്ടതായി പ്രസന്നകുമാരി പറഞ്ഞു. മുന്നോട്ടു നടക്കവെ പെട്ടെന്നു വിജയദാസ് പ്രസന്നകുമാരിയുടെ കഴുത്തിന്റെ പിന്‍വശത്ത് ശക്തമായി അടിക്കുകയും മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ് തു. അടിയുടെ ആഘാതത്തില്‍ നിലത്തുവീണ പ്രസന്നകുമാരി പ്രതിരോധിച്ചെങ്കിലും മോഷ്ടാവ് മാല കൈക്കലാക്കി. മാലയുമായി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് രക്ഷപ്പെടാന്‍ ഒരുങ്ങിയപ്പോള്‍ പ്രസന്നകുമാരി ബൈക്കിന്റെ പിറകില്പിടിച്ചു. മോഷ്ടാവ് ബൈക്കില്‍ നിന്നിറങ്ങിയതും പ്രസന്നകുമാരി വാഹനം തള്ളി സമീപത്തെ വയലിലേയ്ക്ക് മറിച്ചിട്ടു. പിന്നീട് മോഷ്ടാവിനെയും വയലിലേയ്ക്കു പിടിച്ചുതള്ളി. വയലില്‍നിന്നും കരകയറി ഓടാന്‍ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടുകയായിരുന്നു. മാല പ്രസന്നകുമാരിക്കു തിരിച്ചുനല്‍കി. പൊലിസെത്തി മോഷ്ടാവിനെ കൊണ്ടുപോയി. മോഷ്ടാവ് മദ്യലഹരിയിലായിരുന്നുവെന്നും പറയപ്പെടുന്നു.
Tags :