വനംമന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്നു.
അതിരപ്പിള്ളി: ആനത്താരകൾ പുനഃസ്ഥാപിക്കലാണ് വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരമെന്ന് മന്ത്രി ഷിബു ബേബി ജോൺ. അതിരപ്പിള്ളി പ്രവേശനകവാട സമുച്ചയവും വനശ്രീ ഇക്കോ ഷോപ്പുകളും ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വനസംരക്ഷണത്തിനും പരിസ്ഥിതിസൗഹൃദ വികസനത്തിനും മുൻഗണനൽകുന്നതിനും വനാതിർത്തികളിൽ അധിവസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് സംസ്ഥാന സർക്കാർ പ്രാധാന്യംനൽകുന്നതെന്ന് മന്ത്രി പറഞ്ഞു. വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങളോട് അനുഭാവപൂർവം പ്രതികരിക്കുന്ന രീതിയിൽ വനംവകുപ്പിനെ മാറ്റുകയാണ് ലക്ഷ്യം.
അതിരപ്പിള്ളി മേഖലയിൽ ജനവാസകേന്ദ്രങ്ങളിൽ ഭീതിസൃഷ്ടിച്ച 18 കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്തുന്നതിനായി കഴിഞ്ഞ രണ്ടര മാസമായി ഒരു സംഘം ജീവൻ പണയംവച്ചാണ് സ്പെഷൽഡ്രൈവ് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഈ അധ്വാനത്തെ കാണാതെയുള്ള വിമർശനങ്ങൾ മനോവീര്യം തകർക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സവിശേഷമായ ജൈവവൈവിധ്യം ലോകത്തിനു മുന്നിൽ തുറന്നുകാട്ടുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിവരുന്നത്. അനിയന്ത്രിതമായ ടൂറിസം പരിസ്ഥിതിക്ക് ദോഷകരമായി ബാധിക്കുമെന്നും മന്ത്രി ഓർമിപ്പിച്ചു . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും ജനങ്ങളും സഹകരിച്ച് "ഉത്തരവാദിത്ത ടൂറിസം' നടപ്പിലാക്കണം.
ചാലക്കുടി എം.എൽ.എ. സനീഷ് കുമാർ ജോസഫിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പ്രവേശന കവാട സമുച്ചയം നിർമിച്ചത്. കൂടാതെ, വാഴച്ചാൽ വനവികസന ഏജൻസിയുടെ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ അതിരപ്പിള്ളി വനശ്രീ ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനവും നവീകരിച്ച വാഴച്ചാൽ വനശ്രീ ഇക്കോ ഷോപ്പിന്റെ സമർപ്പണവും മന്ത്രി നിർവഹിച്ചു.
സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എംപി വിശിഷ്ടാതിഥിയായി. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. എൽ. ചന്ദ്രശേഖർ റിപ്പോർട്ട് അവതരിപ്പിച്ചു.
അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സതീഷ്കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഡാർളി പോൾസൺ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്തംഗം കെ. കെ. റിജേഷ്, അതിരപ്പിള്ളി ഗ്രാമപഞ്ചായത്തംഗം രമ്യ ബിനു, തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. ആർ. ആടലരശൻ, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.