പാക്കാനം ഇഞ്ചക്കുഴി ഭാഗത്ത് വനാതിർത്തിയിൽ നിർമിച്ചിരിക്കുന്ന ആനക്കിടങ്ങിൽ കെട്ടിനിൽക്കുന്ന വെള്ളം.
മുണ്ടക്കയം: വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനാതിർത്തി മേഖലയിൽ സ്ഥാപിച്ചിരിക്കുന്ന ആനക്കിടങ്ങുകൾ മനുഷ്യനിർമിത മഴവെള്ളപ്പാച്ചിലിനിടയാക്കുമോയെന്ന് ആശങ്ക. എരുമേലി പഞ്ചായത്തിലെ ഏഴാം വാർഡ് പുഞ്ചവയൽ പാക്കാനം ഇഞ്ചക്കുഴിയിൽ വനാതിർത്തിയിൽ നിർമിച്ചിരിക്കുന്ന ആനക്കിടങ്ങുകളാണ് പ്രദേശവാസികൾക്ക് അപകട ഭീഷണിയായി മാറുന്നത്.
10 അടി വീതിയിൽ 15 അടിയോളം ആഴത്തിൽ ഒന്നര കിലോമീറ്ററോളം ദൂരത്തിൽ തങ്ങിനിൽക്കുന്ന ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഒഴുകിയെത്തിയാൽ അത് വലിയ ദുരന്തത്തിന് ഇടയാക്കും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ഇഞ്ചക്കുഴി ഭാഗത്ത് ആനക്കുഴി നിറഞ്ഞൊഴുകിയിരുന്നു. അന്ന് വലിയ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
വാര്യാട്ട് കോളനി മുതൽ ഇഞ്ചക്കുഴി വരെ ഒന്നര കിലോമീറ്ററോളം ദൂരത്തിലാണ് ആനക്കിടങ്ങുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ കെട്ടിനിൽക്കുന്ന വെള്ളം പ്രദേശത്തെ നാല്പതോളം കുടുംബങ്ങൾക്കാണ് അപകട ഭീഷണിയായി മാറിയിരിക്കുന്നത്. അപകടസാധ്യത മുന്നിൽക്കണ്ട് പ്രദേശത്തെ പല കുടുംബങ്ങളും മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറ്റി. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെത്തി ആനക്കിടങ്ങിൽ നിന്നു താഴേക്ക് ഹോസ് സ്ഥാപിച്ചു. എന്നാൽ, ചെറിയ ഹോസിലൂടെ കുറച്ചു വെള്ളം മാത്രമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുകുന്നത്. കിടങ്ങുകളുടെ പല ഭാഗത്തും വലിയ ഹോസുകൾ സ്ഥാപിച്ച് സമീപത്തെ തോട്ടിലേക്ക് വെള്ളം ഒഴുക്കിക്കളഞ്ഞാൽ മാത്രമേ പ്രദേശത്തെ അപകടസാധ്യത ഒഴിവാകുകയുള്ളൂ.
Tags : Nattuvishesham DistrictNews DeepikaNews rainwater runoff.