പി.കെ. ശിവദാസൻ
ചെങ്ങന്നൂർ: പാണ്ടനാട്ടിൽ പ്രളയജലത്തിൽ വീണ് യുവാവ് മരിച്ചു. പാണ്ടനാട് നാലാം വാർഡിൽ മുളപ്പോന്തറ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കല്ലിശേരി, ഉമയാറ്റുകര, വല്യവീട്ടിൽ താഴത്തേതിൽ ശിവൻകുട്ടിയുടേയും ഓമനക്കുട്ടിയുടെയും മകൻ പി.കെ. ശിവദാസാണ് (45) മരണപ്പെട്ടത്.
ശക്തമായ മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും ഡാം തുറന്നതോടെ മണിമലയാറ്റിലും പമ്പയിലും ജലനിരപ്പ് ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ വീടിനുള്ളിൽ വെള്ളം കയറിയതിനെത്തുടർന്ന് ശിവദാസ് തന്റെ ബൈക്ക് സുരക്ഷിതമാക്കാനായി മിത്രമഠം പാലത്തിൽ കൊണ്ടുപോയി വച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ഈ ബൈക്ക് നോക്കുന്നതിനായി പോയ ഇദ്ദേഹം രാത്രി വൈകിയും തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ കണ്ണൂരിൽ ജോലി ചെയ്യുന്ന ഭാര്യ സജിതയെ വിവരമറിയിക്കുകയും സജിത പോലീസിലും മറ്റ് അധികൃതർക്കും ഫോൺ വഴി പരാതി നൽകുകയുമായിരുന്നു.
ഇന്നലെ രാവിലെ 7.30-ഓടെ പാണ്ടനാട് മിത്രമഠം പാലത്തിൽനിന്ന്, അന്പത് മീറ്റർ പടിഞ്ഞാറ് മാറി ജറുസലെം മാർത്തോമ്മാ ചർച്ചിനു സമീപം റോഡിലെ വെള്ളക്കെട്ടിലാണ് ശിവദാസിന്റെ മൃതദേഹം കാണപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നാലാം വാർഡ് മെംബർ ശ്രീകല ശിവനുണ്ണി പോലീസിലും റവന്യു അധികൃതർക്കും വിവരം കൈമാറി.
സംഭവസ്ഥലത്തെത്തിയ പോലീസും റവന്യു സംഘവും തുടർനടപടികൾ സ്വീകരിച്ചു. ഭാര്യ: സജിത, മകൻ -ശിവനന്ദ്. സംസ്കാരം നാളെ പതിനൊന്നിന് ചെറിയനാട് പൊതുശ്മശാനത്തിൽ.