നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ 2008 ലെ മികച്ച പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ് നേടിയ നാലകത്ത് സിദ്ദീഖ് കാട്ടാനശല്യം കാരണം ദുരിതത്തില്‍. അകമ്പാടം മതില്‍മൂലയില്‍ വൈദ്യുത തൂക്കുവേലി തകര്‍ത്ത് കാട്ടാനകള്‍ സിദ്ദീഖിന്റെ കൃഷി വീണ്ടും വ്യാപകമായി നശിപ്പിച്ചു.
ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച വൈദ്യുത തൂക്കുവേലി തകര്‍ത്താണ് ഇത്തവണ കാട്ടാനകള്‍ എത്തിയത്. 100 ലേറെ നേന്ത്രവാഴകള്‍, 200 ലേറെ മരച്ചീനി,100 ഓളം പൈനാപ്പിള്‍, 12 കമുകുകള്‍ എന്നിവയാണ് നശിപ്പിച്ചത്. കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന സോളാര്‍ വൈദ്യുത തൂക്കുവേലിക്ക് മുകളിലേക്ക് വലിയ പടുമരങ്ങള്‍ ഉള്‍പ്പെടെ ചവിട്ടി മറച്ചിട്ട ശേഷം കൃഷിയിടത്തിലേക്ക് കാട്ടാനകള്‍ കയറുകയായിരുന്നു.
കൃഷി നശിപ്പിച്ച വിവരം ചാലിയാര്‍ പഞ്ചായത്ത് ഭരണസമിതിയിലെ പ്രധാന സ്ഥാനം വഹിക്കുന്ന ജനപ്രതിനിധിയോട് വിളിച്ചു പറഞ്ഞപ്പോള്‍ കാട്ടാന ആളുകളെ അപായപ്പെടുത്തിയാല്‍ ഇടപെടാമെന്ന മറുപടിയാണ് ലഭിച്ചതെന്ന് സിദ്ദീഖ് പറഞ്ഞു. 1500 ലേറെ നേന്ത്രവാഴകളും 1000ത്തോളം മരച്ചീനിയും ഉള്‍പ്പെടെ കാട്ടാനകള്‍ നശിപ്പിച്ചിട്ടും ഇതുവരെ വനംവകുപ്പും ഒരു രൂപ പോലും ഈ കര്ഷകന് നല്‍കിയിട്ടില്ല.
സോളാര്‍ തൂക്കുവേലിയും കാട്ടാനകള്‍ തകര്‍ത്തതോടെ ലക്ഷങ്ങളുടെ കട ബാധ്യതയിലാണ് ഈ കര്ഷകന്. വനംവകുപ്പും സര്‍ക്കാരും ഒരു രൂപ പോലും നല്‍കാതെ തന്നെ അവഗണിക്കുകയാണെന്നും സിദ്ദീഖ് പറഞ്ഞു. നിലമ്പൂര്‍ മേഖലയില്‍ കാട്ടാന ശല്യം ഏറ്റവും രൂക്ഷമായ പ്രദേശമായി ചാലിയാര്‍ പഞ്ചായത്തിലെ ജനവാസ മേഖലകള്‍ മാറിയിരിക്കുകയാണ്. കോരംക്കോട് സ്വദേശി മണങ്ങ ബാബുവിന്റെ മതില്‍മൂലയിലെ കൃഷിയിടത്തിലും കാട്ടാനകള്‍ കൃഷിനാശം വരുത്തിയിട്ടുണ്ട്.
“ആനകളെ താന്‍ ഇനി വടിക്കൊണ്ട് നേരിടും,കൊല്ലപ്പെട്ടാല്‍ കുടുംബത്തിനെങ്കിലും 10 ലക്ഷം കിട്ടുമല്ലോ”
നിലമ്പൂര്‍: കാട്ടാനകള്‍ ഇനിയും കൃഷിയിടത്തിലെത്തിയാല്‍ താന്‍ വടിയുമായി നേരിടുമെന്ന് സിദ്ദീഖ്. കാട്ടാനയുടെ ആക്രമണത്തില്‍ താന്‍ കൊല്ലപ്പെട്ടാല്‍ 10 ലക്ഷം രൂപയെങ്കിലും തന്റെ കുടുംബത്തിന് ലഭിക്കും. കൃഷിനാശത്തിന് സര്‍ക്കാര്‍ ഇതുവരെ യാതൊരു സഹായവും തന്നില്ല. സിദ്ദീഖിന്റെ പത്തേക്കര്‍ കൃഷിസ്ഥലത്ത് ഇനി അവശേഷിക്കുന്നത് ഏതാനും വാഴകളും മരച്ചീനിയും മാത്രമാണ്. വന്യമൃഗ ശല്യത്താല്‍ ദുരിതം പേറുന്ന മലയോര കര്‍ഷകരുടെ പ്രതിനിധിയാണ് സിദ്ദീഖ്.