തീരദേശത്ത് അട്ടിയിട്ട മാലിന്യച്ചാക്കുകൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ.
വിഴിഞ്ഞം: കേരള തീരത്തെ ആശങ്കയുടെ നിഴലിലാക്കിയ കണ്ടെയ്നർ കപ്പൽ എംഎസ്സിയുടെ എൽസ -3 അറബിക്കടലിൽ മുങ്ങി വർഷം ഒന്നു കഴിയുമ്പോഴും അവസാനിക്കാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ.
കടലിൽ തകർന്ന കണ്ടെയ്നറിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യ ചാക്കു കെട്ടുകൾ കടലിലൂടെ ഒഴുകി നടന്നിരു ന്നു. മത്സ്യബന്ധനത്തിനു ഭീഷണിയെന്നുകണ്ട മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോയ വള്ളങ്ങളിൽ തീരത്തടുപ്പിച്ചു. നാശം സംഭവിക്കാത്ത തരത്തിലുള്ള 150 -ൽപ്പരം ചാക്കു കെട്ടുകളാണ് ഇന്നലെ വൈകുന്നേരവും വിഴിഞ്ഞം തുറമുഖത്ത് അടി ഞ്ഞത്. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം തുടർ നടപടിക്കായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്തു.
ഇന്നലെ ഉച്ചമുതലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറച്ച ചാക്കു കെട്ടുകളുടെ ഒഴുക്ക് തുടങ്ങിയതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വള്ളങ്ങൾക്കും മീൻ പിടിത്ത വലകൾക്കും ഭീഷണിയായ ഇവയെ മാറ്റാൻ മറ്റ് മാർഗങ്ങൾ ഇല്ലാതെ വന്നതോടെയാണ് കരയിൽ എത്തിക്കാൻ തീരുമാനിച്ചത്. വൈകുന്നേരം തീരത്തടുത്ത വള്ളങ്ങൾ ചാക്കു കെട്ടുകളുമായാണ് എത്തിയത്.
ഇനിയും നിരവധി ചാക്കുകെ ട്ടുകൾ തിരയടിയിൽ ഒഴുകി നടക്കുന്നതായും മത്സ്യത്തൊഴിലാളികൾ പറയുന്നു. അപകടം നടന്നശേഷം മാസങ്ങളോളം തീരത്തടുത്ത പ്ലാസ്റ്റിക് മാലിന്യങ്ങളും കണ്ടെയ്നർ ഭാഗങ്ങളും മരക്കഷണങ്ങളും അധികൃതർ നീക്കം ചെയ്തിരുന്നു. ഒരു നിശ്ചി ത ഇടവേളയ്ക്കുശേഷം വീണ്ടും കടലിനടിയിൽ കിടക്കുന്ന കണ്ടെയ്നറുകൾ തകർന്നത് മത്സ്യത്തൊഴിലാളികളുടെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
2025 മേയ് 24 നാണ് വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് എൽസാ -3 എന്ന ലൈബീരിയൻ രജിസ്ട്രേഷനുള്ള കണ്ടെയ്നർ കപ്പൽ 24 ജീവനക്കാരുമായി യാത്ര പുറപ്പെട്ടത്. കപ്പൽ ആലപ്പുഴ തോട്ടപ്പള്ളിക്കും 38 നോട്ടിക്കൽ ഉൾക്കടലിൽ താഴ്ന്നത്. 640 കണ്ടെയ്നറുകളിൽ നിരവധി എണ്ണത്തിൽ അപകടകാരികളായ രാസവസ്തുക്കൾ ഉണ്ടെന്നും വെള്ളവുമായി ചേർന്നാൽ തീപിടിക്കുന്ന കാത്സ്യം കാർബൈഡ് വരെയുണ്ടെന്ന വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. കപ്പലിലെ ഓയിൽ ചോർച്ചയും ഒഴുകുന്ന കണ്ടെയ്നറുകളും അപകടം വരുത്താനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധനത്തിനും അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ജനം പേടിച്ചതുപോലെ ആലപ്പുഴയുടെയും കൊല്ലത്തി ന്റെയും തിരുവനന്തപുരത്തിന്റെയും തീരങ്ങൾ കടന്നു തമിഴ്നാട്ടിലേക്കും കണ്ടെയ്നറുകൾ അന്ന് ഒഴുകിപ്പോയി. എന്നാൽ കപ്പലിൽ ഉണ്ടായിരുന്നതിൽ നാമമാത്രമായ എണ്ണം മാത്രമേ കരക്കടിഞ്ഞുള്ളു. ബാക്കിയുള്ള അറുനൂറോളം കണ്ടെയ്നറുകൾ എവിടെയെന്ന ചോദ്യമുയരുന്നതിനിടയിലാണ് വീണ്ടും പ്ലാസ്റ്റിക്ക് ചാക്കു കെട്ടുകളുടെ കൂട്ടമായ വരവ്. കണ്ടെയ്നറുകൾ കേരള തീരത്തെ കടലിന്റെ ആവാസ വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന മത്സ്യത്തൊഴികളുടെ സംശയങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് പുതിയ സംഭവവികാസങ്ങൾ. മനസമാധാനത്തോടെ വള്ളമിറക്കാനോ വലയിടാനോ പറ്റുന്നില്ലെന്ന ഇവരുടെ വാക്കുകൾ മാറ്റമില്ലാതെ തുടരുന്നു.
Tags : Nattuvishesham LocalNews