പ്രതീകാത്മക ചിത്രം
വടക്കഞ്ചേരി: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള ആശങ്കകൾ ചർച്ചചെയ്യുന്നതിനും പരിഹാര നടപടികൾക്കുമായി കിഴക്കഞ്ചേരി പഞ്ചായത്തിലെ പാലക്കുഴി, വാൽകുളമ്പ് എന്നീ വാർഡുകളിൽ നാളെയും 14നും സ്പെഷൽ ഗ്രാമസഭകൾ ചേരും.
അടിയന്തരമായി പ്രത്യേക ഗ്രാമസഭകൾ വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങൾ ഒപ്പുശേഖരണം നടത്തി പഞ്ചായത്ത് മെംബർമാർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഇന്നലെ പഞ്ചായത്ത് ഭരണസമിതിയുടെ യോഗം ചേർന്ന് തീരുമാനമെടുത്തത്.
ജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന യാതൊരു നടപടിയും അംഗീകരിക്കില്ലെന്ന് യോഗത്തിനു ശേഷം പ്രസിഡന്റ് പി.എം. കലാധരൻ പറഞ്ഞു.പ്രശ്നബാധിതമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നു ജനങ്ങൾ ഒപ്പിട്ടു നൽകുന്ന നിവേദനങ്ങൾ ഇത്തരത്തിൽ അതാത് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് കൈമാറേണ്ടതുണ്ട്.
എന്നാൽ മാത്രമേ സ്പെഷൽ ഗ്രാമസഭ വിളിച്ചുകൂട്ടലും വിഷയം ചർച്ചചെയ്ത് പ്രമേയം പാസാക്കുന്ന നടപടികളുമുണ്ടാകൂ. ഈ മാസം 27നകം പരാതികളും പ്രമേയങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകണമെന്നാണ് നിർദേശമുള്ളത്.
ജൂലൈ 27ന് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച ഇഎസ്എ കരട് വിജ്ഞാപനം സംബന്ധിച്ച് ചർച്ച, അതിൽ തീരുമാനമെടുക്കൽ, തീരുമാനങ്ങൾ പ്രമേയമായി അവതരിപ്പിച്ച് അംഗീകരിക്കൽ തുടങ്ങിയ വിഷയങ്ങളാണ് പ്രത്യേക ഗ്രാമസഭയിൽ അജണ്ടയായി നിർദേശിക്കുന്നത്.
ജില്ലയിൽ മാത്രം 13 വില്ലേജുകളാണ് പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതിലോലപരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.13 വില്ലേജുകളിലായി നൂറ്റന്പതോളം വാർഡുകൾ പ്രശ്നസാധ്യതാ പട്ടികയിലുണ്ട്.
Tags : NattuVishasham DistrictNews