എരുമേലി: നിര്‍ദിഷ്ട എരുമേലി ശബരി വിമാനത്താവള പദ്ധതി സംബന്ധിച്ചു തീരുമാനമെടുക്കാതെ യുഡിഎഫ് സര്‍ക്കാര്‍. 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റും 307 ഏക്കര്‍ സ്വകാര്യ ഭൂമിയുമാണ് നിര്‍ദിഷ്ട വിമാനത്താവള പദ്ധതിക്കുവേണ്ടി ഏറ്റെടുക്കാന്‍ ഉത്തരവുള്ളത്. എന്നാല്‍, എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ പാലാ സബ് കോടതിയില്‍ തോറ്റതോടെ പദ്ധതി അനിശ്ചിതത്വത്തിലാവുകയായിരുന്നു.
ഇത് സംബന്ധിച്ച് നിലവില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പരിഗണനയിലാണ്. ഇതിനാലാകാം യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം എടുക്കാന്‍ മടിക്കുന്നതെന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ബജറ്റില്‍ പോലും പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല.
വലയുന്നത് നാട്ടുകാര്‍
വിമാനത്താവള പദ്ധതി സംബന്ധിച്ചു സർക്കാർ തീരുമാനമെടുക്കാത്തതിൽ വലയുന്നത് പ്രദേശത്തെ നാട്ടുകാരാണ്. മൂന്നര വര്‍ഷം മുമ്പാണ് സ്ഥലം ഏറ്റെടുക്കല്‍ ഉത്തരവുണ്ടായത്. 326 കുടുംബങ്ങളെ പൂര്‍ണമായി മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്നതുകൂടാതെ നോയല്‍ മെമ്മോറിയല്‍ എല്‍പി സ്കൂള്‍ ഉള്‍പ്പെടെ രണ്ട് സ്കൂളുകള്‍, ഏഴ് ആരാധനാലയങ്ങള്‍, ഒരു ആശുപത്രി, റേഷന്‍ കട, ലേബര്‍ ഓഫീസ് എന്നിവയും ഏറ്റെടുക്കുന്ന ഭൂമിയില്‍ ഉള്‍പ്പെടും.
ഇവിടെയെല്ലാം സ്ഥലം അളന്ന് കുറ്റികള്‍ തറച്ചിട്ടും ഏറ്റെടുക്കാന്‍ സാധിച്ചിട്ടില്ല. സ്ഥലം വില്‍ക്കാനോ പണയപ്പെടുത്താനോ പാടില്ലെന്ന നിയന്ത്രണങ്ങള്‍ നിലവില്‍ തുടരുകയുമാണ്. ഏറ്റെടുക്കല്‍ പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ഭൂമി പണയം വച്ച് ബാങ്ക് വായ്പയെടുക്കാനാവില്ല. ഉത്തരവ് വരുംമുമ്പ് എടുത്ത ലോണ്‍ തിരിച്ചടയ്ക്കാന്‍ പറ്റാതെ ജപ്തി ഭീഷണി നിലനില്ക്കുന്നു.
സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് വിലയും നഷ്ടപരിഹാരവും നല്‍കുകയോ അല്ലെങ്കില്‍ ഏറ്റെടുക്കല്‍ ഉത്തരവ് റദ്ദാക്കി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയോ ചെയ്യണം. ഈ ആവശ്യം ഉയര്‍ത്തി സമരത്തിലേക്ക് നീങ്ങാനുള്ള ആലോചനയിലാണ് നാട്ടുകാർ.
അപ്പീല്‍ നിര്‍ണായകം
2026 ജനുവരിയില്‍ പാലാ സബ് കോടതി പുറപ്പെടുവിച്ച വിധിയില്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനല്ലെന്നും 2005ല്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ഈ ഭൂമി ബിലീവേഴ്സ് ചര്‍ച്ചിന് കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിന് വിറ്റത് നിയമപരമാണെന്നും വ്യക്തമാക്കി. ഇതിനെതിരേ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. ഈ അപ്പീലില്‍ വിധി അനുകൂലമായില്ലെങ്കില്‍ ഒരുപക്ഷേ പദ്ധതി നിലച്ചേക്കാം. കോടതിയില്‍ തോറ്റാല്‍ ഭൂമിക്ക് സര്‍ക്കാര്‍ വലിയ തുക വിലയായി നല്‍കേണ്ടി വരും.
എതിര്‍പ്പുകള്‍ നിരവധി
നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് എരുമേലിയില്‍ നിന്ന് 2.5 മുതല്‍ മൂന്നു മണിക്കൂര്‍വരെ യാത്രാദൂരമേയുള്ളൂവെന്നും എരുമേലിയില്‍ വിമാനത്താവളം അനിവാര്യമല്ലെന്നുമുള്ള അഭിപ്രായമുയര്ത്തുന്നുണ്ട്. ശബരിമല തീര്‍ഥാടന കാലത്തെ മൂന്നു മാസത്തെ തിരക്ക് കഴിഞ്ഞ്, ബാക്കി മാസങ്ങളില്‍ വിമാനത്താവളം ലാഭകരമായി കൊണ്ടുപോകാന്‍ ആവശ്യമായ അന്താരാഷ്ട്ര യാത്രക്കാര്‍ (പ്രവാസികള്‍) ഈ മേഖലയില്‍ കുറവാണെന്ന അഭിപ്രായവുമുണ്ട്.
എസ്റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിന് തോട്ടം തൊഴിലാളികള്‍ക്ക് എവിടെ ഭൂമി നല്‍കുമെന്നും അവരുടെ പാരമ്പര്യ തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ എന്ത് ബദല്‍ മാര്‍ഗം നല്‍കും എന്നതിലും സ്വകാര്യ വ്യക്തികളുടെ ഭൂമിക്ക് വിപണി വിലയുടെ എത്ര ഇരട്ടി നഷ്ടപരിഹാരം നല്‍കുമെന്നും ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
പ്രളയ സാധ്യതയുള്ള മേഖലയാണെന്നും പശ്ചിമഘട്ടത്തോട് ചേര്‍ന്നുള്ളതും വലിയ തോതില്‍ തോടുകളും നീരൊഴുക്കുകളുമുള്ള പ്രദേശമാണിതെന്നും റണ്‍വേ നിര്‍മാണത്തിനായി വലിയ തോതില്‍ മണ്ണ് മാറ്റേണ്ടി വരുമെന്നും പരിസ്ഥിതി ആഘാത പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ഇതെല്ലാം പദ്ധതിക്ക് പ്രതികൂലമായി ഇനി ഉന്നയിക്കപ്പെട്ടേക്കാം. ഏറ്റവും പുതിയ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) പ്രകാരം പദ്ധതിയുടെ ആകെ ചെലവ് മുമ്പു കണക്കാക്കിയ 3,411 കോടി രൂപയില്‍ നിന്നും 7,047 കോടി രൂപയായി വര്‍ധിച്ചിട്ടുള്ളതും പദ്ധതിക്ക് തിരിച്ചടിയായി മാറിയേക്കാം.
മുഖ്യമന്ത്രിക്ക് കത്ത് നൽകി: റോണി കെ. ബേബി എംഎൽഎ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി - പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലായി സ്ഥിതിചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിൽത്തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി റോണി കെ. ബേബി എംഎൽഎ അറിയിച്ചു.
2263 ഏക്കർ വരുന്ന ചെറുവള്ളി തോട്ടഭൂമി മധ്യതിരുവിതാംകൂറിൽത്തന്നെ അന്താരാഷ്ട വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് നിരവധി പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇറക്കിയ സാമൂഹിക ആഘാത പഠന വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരേ സർക്കാർ സമർപ്പിച്ച അപ്പീൽ കാര്യക്ഷമമായ ഇടപെടലിലൂടെ അനുകൂലമായി തീർപ്പാക്കാൻ കഴിയും. ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കത്തിലെ പാലാ കോടതിയുടെ വിധിക്കെതിരേയും സർക്കാരിന് ഇടപെടാനുള്ള മാർഗങ്ങളുണ്ട്. ചെറുവള്ളി തോട്ടത്തിൽത്തന്നെ വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ലഭ്യമായിരിക്കേ വിമാനത്താവളത്തിന് പുറത്തുള്ള ഭൂമിയും പദ്ധതിക്കു വേണ്ടി ഏറ്റെടുക്കാനുള്ള മുൻ സർക്കാരിന്റെ വിജ്ഞാപനം തിരുത്താൻ തയാറാകണമെന്നും മുഖ്യമന്ത്രിക്കുള്ള കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്. തോട്ടത്തിന് പുറത്തുള്ള ഭൂമി വിജ്ഞാപനം ചെയ്തതിനാൽ നിരവധി ആളുകൾ പ്രതിസന്ധിയിലാണ്.
വിവിധ ആവശ്യങ്ങൾക്കുവേണ്ടി ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ ഉടമകൾക്ക് കഴിയുന്നില്ല. വിജ്ഞാപനം ചെയ്ത ഭൂമി കേരള സർക്കാരിന്റെ തന്നെ ഉടമസ്ഥതയിലുള്ള കേരള ബാങ്ക് ജപ്തി ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനാൽ വിമാനത്താവളവുമായി ബന്ധപ്പെട്ടു സമയബന്ധിതമായ തീരുമാനം ഉണ്ടാകണമെന്ന് റോണി കെ. ബേബി എംഎൽഎ കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.
Tags : Nattuvishesham District News Erumeli Airport