പയ്യന്നൂര്‍: രാമന്തളിയില്‍ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം. കല്ലേറ്റുംകടവിലെ എ.വി. പദ്മനാഭന്റെ വീട്ടിലാണു മോഷണം നടന്നത്.
ഇന്നലെ രാവിലെയാണു വീട് കുത്തിത്തുറന്നതായി സ്ഥലത്തെത്തിയ വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് പദ്മനാഭന്റെ കുടുംബം വീട് പൂട്ടി മുകാംബിക ക്ഷേത്രദര്‍ശനത്തിനായി പോയത്. പയ്യന്നൂരിലെ ബന്ധുക്കളോടൊപ്പമായിരുന്നു യാത്ര.
ശനിയാഴ്ച രാത്രിയോടെ പയ്യന്നൂരിലെ ബന്ധുവീട്ടില്‍ തിരിച്ചെത്തിയ ഇവര്‍ ഞായറാഴ്ച രാവിലെ പത്തോടെയാണ് രാമന്തളിയിലെ വീട്ടിലെത്തിയത്. വിലകൂടിയ പൂട്ടുകള്‍ ഘടിപ്പിച്ചിരുന്ന വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നതായി കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അലമാരയിലുണ്ടായിരുന്ന സ്വര്‍ണവള നഷ്ടപ്പെട്ടതായി കണ്ടെത്തി. ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ മതിലിനു മുകളിലൂടെ മോഷ്ടാവ് അകത്ത് കടന്നതിന്റെ അടയാളങ്ങള്‍ മതിലിലുണ്ടായിരുന്നു.
പയ്യന്നൂര്‍ പോലീസ് സംഭവസ്ഥലത്ത് പരിശോധനകള്‍ നടത്തി. രണ്ടു ദിവസംമുമ്പ് സമീപത്തെ മറ്റൊരു വീട്ടിലും മോഷണം നടന്നിരുന്നു.