കരിങ്ങാച്ചിറ മെക്കാനിക്കൽ ഷട്ടർ
മാള: ഏഴു പതിറ്റാണ്ടിലേറെ പഴക്കമുള്ള കരിങ്ങാച്ചിറയിലെ ചരിത്രപ്രസിദ്ധമായ മെക്കാനിക്കൽ ഷട്ടർ പൈതൃകവും തനതുഭംഗിയും നിലനിർത്തി സംരക്ഷിക്കുമെന്നു പുത്തൻചിറ ഗ്രാമപഞ്ചായത്ത്. പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് നൽകിയ നിവേദനത്തെത്തുടർന്നാണ് അനുകൂല നടപടി. ഷട്ടർ സംരക്ഷിക്കുന്നതിനു നടപടി സ്വീകരിക്കാൻ പുത്തൻച്ചിറ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചതായി പഞ്ചായത്ത് സെക്രട്ടറിയാണു രേഖാമൂലം മറുപടി നൽകിയത്.
കൊച്ചി തിരുവിതാംകൂർ അതിർത്തിപ്രദേശത്താണു മെക്കാനിക്കൽ ഷട്ടർ സ്ഥിതിചെയ്യുന്നത്. ഷട്ടറിന്റെ വടക്കുഭാഗത്ത് ഉപ്പുവെള്ളം കയറുന്നതുതടയാൻ വർഷാവർഷം ബണ്ട് നിർമ്മിക്കുകയും മഴക്കാലത്ത് ജലനിരപ്പ് ഉയരുന്പോൾ പടിഞ്ഞാറുഭാഗത്തുള്ള കലുങ്കിലൂടെ വെള്ളമൊഴുക്കി ബണ്ട് പൊട്ടാതിരിക്കാൻ മെക്കാനിക്കൽ ഷട്ടർ ഉയർത്തി ജലനിരപ്പ് നിയന്ത്രിക്കുകയുമായിരുന്നു ലക്ഷ്യം. എന്നാൽ ഏതാനും വർഷങ്ങളായി ഷട്ടർ പ്രവർത്തനരഹിതമാണ്. റോഡ് വീതികൂട്ടലിന്റെ ഭാഗമായി ഷട്ടറിലേക്ക് വെള്ളമെത്തിയിരുന്ന കലുങ്ക് മണ്ണിട്ട് അടച്ചതോടെ ഉപയോഗശൂന്യമായി.
ഷട്ടർ പെയിന്റ് ചെയ്ത് വൃത്തിയാക്കി അതിന്റെ ചരിത്രവും കാലപ്പഴക്കവും രേഖപ്പെടുത്തുന്ന വിവരഫലകം സ്ഥാപിക്കുകയും സംരക്ഷണ മേൽക്കൂര നിർമ്മിക്കുകയും വേണമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പുത്തൻച്ചിറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ഷാന്റി ജോസഫ് തട്ടകത്ത് നിവേദനം നൽകിയിരുന്നു.